കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റ് കാണാനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. അഞ്ച് ദിവസം നീളുമെന്ന് കരുതിയ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ നാലും അഞ്ചും ദിവസത്തേക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കളി കാണാനുള്ള സാഹചര്യം നഷ്ടമായി.

ഈ സാഹചര്യത്തില്‍ നാലും അഞ്ചും ദിവസത്തെ കളിക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ടിക്കറ്റിന്റെ പൈസ റീഫണ്ട് ചെയ്തു നല്‍കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. അപൂര്‍വമായി മാത്രമെ മത്സരം നേരത്തെ കഴിഞ്ഞതിനാല്‍ കാണികള്‍ക്ക് ടിക്കറ്റിന്റെ പൈസ റീഫണ്ട് ചെയ്ത് നല്‍കാറുള്ളു. മഴയോ മറ്റെന്തെങ്കിലും സാഹചര്യങ്ങളാലോ മത്സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ പൈസ റീഫണ്ട് ചെയ്യാറുള്ളത്.

ഞായറാഴ്ച മത്സരം കാണാന്‍ അല്‍പം താമസിച്ച് സ്റ്റേഡിയത്തില്‍ എത്തിയവര്‍ക്ക് പോലും കളി കാണാനായില്ല. മൂന്നാം ദിനം ഒരു മണിക്കൂറിനുള്ളില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ ജയിച്ചു കയറിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് പന്തുകളില്‍ അവസാനിച്ച ടെസ്റ്റെന്ന റെക്കോര്‍ഡും ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് സ്വന്തമായിരുന്നു.