രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി! ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് സെമിയില്‍
58 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് കാലിക്കറ്റിന്റെ വിജയശില്‍പ്പി. ആറ് സിക്സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് നാല് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ റോയല്‍സ് 171 റണ്‍സ് വിജയലക്ഷ്യമാണ് മുന്നില്‍ വച്ചത്. മറുപടി ബാറ്റിംഗില്‍ ഗ്ലോബ് സ്റ്റാര്‍സ് 19.4 ഓവരില്‍ ലക്ഷ്യം മറികടന്നു. 58 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് കാലിക്കറ്റിന്റെ വിജയശില്‍പ്പി. ആറ് സിക്സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രോഹന്‍ കുന്നുമ്മലിന്‍റെ ഇന്നിംഗ്സ്. സല്‍മാന്‍ നിസാര്‍ -രോഹന്‍ കുന്നുമ്മല്‍ കൂട്ടുകെട്ട് നേടിയ 88 റണ്‍സ് വിജയത്തിന് നിര്‍ണായകമായി. സല്‍മാന്‍ നിസാര്‍ 30 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. ജയത്തോടെ ഗ്ലോബ്‌സ്റ്റാര്‍സ് സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചു.
നേരത്തെ, ഓപ്പണര്‍ റിയാസ് ബഷീറിന്റെയും ഗോവിന്ദ് പൈയുടേയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് ട്രിവാന്‍ഡ്രം റോയല്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയത്. 54 പന്തില്‍ നിന്നും രണ്ട് സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെ 79 റണ്‍സ് നേടിയ ഗോവിന്ദ് പൈയാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ റിയാ ബഷീര്‍ 47 പന്തില്‍ നിന്നു രണ്ട് സിക്സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 64 റണ്‍സ് നേടി. രോഹന്‍ കുന്നുമ്മലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
പോയിന്റ് പട്ടികയില്‍ കൊല്ലം സെയ്ലേഴ്‌സ് ഒന്നാമതും കാലിക്കറ്റ് ഗ്ലോബ്സാറ്റാര്‍സ് രണ്ടാമതുമെത്തി. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ തിങ്കളാഴ്ച അവസാനിക്കും. ചൊവ്വാഴ്ച സെമിഫൈനലും ബുധനാഴ്ച ഫൈനലും കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.