അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 9 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യൻമാരായ ഓസീസ് ഒന്നാം സഥാനം ഉറപ്പിച്ചത്. ഇന്നലെ ഇന്ത്യയെ വീഴ്ത്തിയതോടെ ഇംഗ്ലണ്ടും 9 പോയന്‍റുമായി സെമിയിലെത്തി.

ഇന്‍ഡോര്‍:വനിതാ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതോടെ സെമിയിലെത്താതെ പുറത്താവുന്നതിന്‍റെ വക്കിലാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തില്‍ സ്വന്തം നാട്ടില്‍ ആദ്യ കിരീടം തേടിയിറങ്ങിയ ഇന്ത്യ. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസ്ട്രേലിയയോടും തോറ്റ ഇന്ത്യ ഇന്നലെ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാവുന്ന മത്സരം അവസാന 10 ഓവറില്‍ കൈവിട്ടതാണ് ആരാധകരെ ഞെട്ടിച്ചത്. ഇന്ത്യയെ തോല്‍പിച്ചതോടെ 9 പോയന്‍റുമായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേരത്തെ സെമിയിലെത്തിയതിനാല്‍ ഇനി ഒരേയൊരു സ്ഥാനം മാത്രമാണ് സെമിയില്‍ അവശേഷിക്കുന്നത്.

ഇന്ത്യക്കും ന്യൂസിലൻഡിനും ജീവന്‍മരണപ്പോരാട്ടം

അതിനായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് പ്രധാന മത്സരം. അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 9 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യൻമാരായ ഓസീസ് ഒന്നാം സഥാനം ഉറപ്പിച്ചത്. ഇന്നലെ ഇന്ത്യയെ വീഴ്ത്തിയതോടെ ഇംഗ്ലണ്ടും 9 പോയന്‍റുമായി സെമിയിലെത്തി. അഞ്ച് കളികളില്‍ 8 പോയന്‍റുമായാണ് ദക്ഷിണാഫ്രിക്ക സെമിയിലെ സ്ഥാനം ഉറപ്പാക്കിയത്. അ‍ഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്റ് വീതമാണുള്ളത്. രണ്ട് ടീമുകള്‍ക്കും ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ വീതം. ഇതില്‍ 23ന് മുംബൈയില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടമാകും സെമിയിലെ നാലാം സ്ഥാനക്കാർ ആരാകും എന്ന് തീരുമാനിക്കുക.

ഈ മത്സരത്തില്‍ ജയിക്കുന്ന ടീമിന് സെമിയിലേക്ക് കാലെടുത്തുവെക്കാം. 26ന് നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദശും ഏറ്റുമുട്ടും. അവസാന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ന്യൂസിലന്‍ഡിന്‍റെ എതിരാളികളെന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്. ന്യൂസിലന്‍ഡിനെതിരെ തോറ്റാലും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങുകയും ചെയ്താലും ഇന്ത്യക്ക് സെമി സാധ്യത അവശേഷിക്കുന്നുണ്ട്. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെക്കാള്‍ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +0.526 ആണങ്കില്‍ ന്യൂസിലന്‍ഡിന്‍റേത് -0.245 ആണ്.

ബംഗ്ലാദേശിന്‍റെ സാധ്യതകള്‍

അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെയും ശ്രീലങ്കയെയും തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനും സെമിയിലെത്താനുള്ള നേരിയ സാധ്യത അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഇന്ത്യയോ ന്യൂസിലൻഡോ അവസാന രണ്ട് കളികളില്‍ ഒരെണ്ണം മാത്രമെ ജയിക്കാന്‍ പാടുള്ളു. മാത്രമല്ല നെറ്റ് റണ്‍റേറ്റില്‍ ഏറെ പുറകിലാണെന്നതും ബംഗ്ലാദേശിന് തിരിച്ചടിയാണ്. അഞ്ച് കളിളില്‍ രണ്ട് പോയന്‍റുള്ള പാകിസ്ഥാന്‍റെയും സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചു മാത്രമെ പാകിസ്ഥാന് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു. ഇതോടെ 23ന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം ഇരു ടീമുകളെ സംബന്ധിച്ചും ജീവന്‍മരണപോരാട്ടമാകുമെന്ന് ചുരുക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക