അടുത്ത രണ്ട് മത്സരങ്ങള്‍ മികച്ച മാര്‍ജിനില്‍ ജയിക്കുകയും അമേരിക്ക അടുത്ത രണ്ട് കളികളും പരാജയപ്പെടുകയും ചെയ്താല്‍ മാത്രമെ പാകിസ്ഥാന് ഇനി സൂപ്പര്‍ 8ലേക്ക് മുന്നേറാനാവു.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ലേക്ക് മുന്നേറാമെന്ന പാക് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി ഇന്ത്യക്കെതിരായ തോല്‍വി. ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അമേരിക്കയോട് തോറ്റതിന് പിന്നാലെ ഇന്നലെ ഇന്ത്യയോടും തോറ്റതോടെ അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും പാകിസ്ഥാന് സൂപ്പര്‍ 8 ഉറപ്പിക്കാനാവില്ല. രണ്ട് കളികളില്‍ രണ്ട് ജയവും +1.455 നെറ്റ് റണ്‍റേറ്റും നാലു പോയന്‍റമായി ഗ്രൂപ്പ് എയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയും കാനയഡുമാണ് അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ എതിരാളികള്‍ എന്നതിനാല്‍ ഇന്ത്യ സൂപ്പര്‍ 8 ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

കാനഡയെയും പാകിസ്ഥാനെയും തോല്‍പ്പിച്ച ആതിഥേയരായ അമേരിക്ക നാലു പോയന്‍റും +0.626 നെറ്റ് റണ്‍റേറ്റുമായി ഗ്രൂപ്പില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് കളികളില്‍ ഒരു ജയത്തില്‍ നിന്ന് നേടിയ രണ്ട് പോയന്‍റുമായി കാനഡയാണ് മൂന്നാമത്. രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാനും അയര്‍ലന്‍ഡിനും ഇതുവരെ പോയന്‍റൊന്നും നേടാനായിട്ടില്ല.

ഇന്ത്യക്കെതിരായ തോല്‍വി, കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ് നസീം ഷാ; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ഷഹീൻ അഫ്രീദി

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ 8ലേക്ക് മുന്നേറുക. അയര്‍ലന്‍ഡും കാനഡയുമാണ് ഇനിയുള്ള മത്സരങ്ങളില്‍ പാകിസ്ഥാന്‍റെ എതിരാളികള്‍. അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡ് ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ടി20 പരമ്പരയില്‍ പാകിസ്ഥാനെ അട്ടിമറിച്ച ടീം കൂടിയാണ്. ഇതിന് പുറമെ കാനഡക്കെതിരായ മത്സരം ഇന്നലെ ഇന്ത്യക്കെതിരായ മത്സരം നടന്ന ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണെന്നത് പാകിസ്ഥാന്‍റെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യമാണ്. നാളെയാണ് പാകിസ്ഥാന്‍-കാനഡ പോരാട്ടം.

16ന് അയര്‍ലന്‍ഡിനെതിരായ മത്സരം ഫ്ലോറിഡയിലാണ്. അടുത്ത രണ്ട് മത്സരങ്ങള്‍ മികച്ച മാര്‍ജിനില്‍ ജയിക്കുകയും അമേരിക്ക അടുത്ത രണ്ട് കളികളും പരാജയപ്പെടുകയും ചെയ്താല്‍ മാത്രമെ പാകിസ്ഥാന് ഇനി സൂപ്പര്‍ 8ലേക്ക് മുന്നേറാനാവു. ഒപ്പം കാനഡയുടെയും അയര്‍ലന്‍ഡിന്‍റെയും മത്സരഫലങ്ങളും അനുകൂലമാകണം. ഇന്ത്യയും അയര്‍ലന്‍ഡുമാണ് ഇനി അമേരിക്കയുടെ എതിരാളികളെന്നതാണ് പാകിസ്ഥാന് അല്‍പമെങ്കിലും ആശ്വസിക്കാവുന്ന കാര്യം. എങ്കിലും വലിയ സ്കോറുകള്‍ പിറക്കാത്ത അമേരിക്കന്‍ പിച്ചുകളില്‍ മികച്ച മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

അവസാന ഓവറില്‍ ഇമാദ് വാസിമിനെ അമ്പയര്‍ ഔട്ട് വിളിച്ചതറിയാതെ വീണ്ടും റിവ്യു എടുത്ത് രോഹിത്

ഇനിയുള്ള രണ്ട് കളികളും ജയിക്കുകയും അമേരിക്ക അവസാന രണ്ട് കളികളും തോല്‍ക്കുകയും ചെയ്താലും നെറ്റ് റണ്‍റേറ്റ് പാകിസ്ഥാന് മുന്നില്‍ വലിയ വെല്ലുവിളിയായേക്കുമെന്നാണ് കരുതുന്നത്. ഫ്ലോറിഡയില്‍ 14ന് നടക്കുന്ന അമേരിക്ക-അയര്‍ലന്‍ഡ് മത്സരത്തില്‍ അമേരിക്ക ജയിച്ചാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ 8ലെത്താതെ പുറത്താവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക