ടൊറന്‍റോ: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന്‍റെ റെക്കോര്‍ഡ് കാനഡയ്‌ക്ക്. മലേഷ്യക്കെതിരായ മത്സരത്തില്‍ 28 സിക്‌സുകളാണ് കാനഡ താരങ്ങള്‍ പറത്തിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ 27 സിക്‌സുകള്‍ നേടിയ ജമൈക്കയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. എന്നാല്‍ ജമൈക്കയുടെ ടീം ടോട്ടലായ 434/4 മറികടക്കാന്‍ കാനഡക്കായില്ല. 

കനേഡിയന്‍ താരങ്ങള്‍ സിക്‌സര്‍മഴ പെയ്യിച്ചപ്പോള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 408 റണ്‍സ് പിറന്നു. 13 സിക്‌സുകളടക്കം 140 റണ്‍സെടുത്ത നായകന്‍ നവ്‌നീത് ദലിവാലും ഒന്‍പത് സിക്‌സുകള്‍ സഹിതം 94 റണ്‍സ് നേടിയ രവീന്ദര്‍പാല്‍ സിംഗുമാണ് കാനഡയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. റോഡ്രിഗോ തോമസ് നാല് സിക്‌സടക്കം 62ഉം നിതീഷ് കുമാര്‍ രണ്ടും സിക്‌സടക്കം 60 റണ്‍സും നേടി. മറുപടി ബാറ്റിംഗില്‍ മലേഷ്യ 202 റണ്‍സില്‍ പുറത്തായതോടെ കാനഡ 206 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. 

ഏകദിനത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന്‍റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിനാണ്. ലോകകപ്പില്‍ അഫ്‌ഗാനെതിരെ 25 സിക്‌സുകളാണ് ഇംഗ്ലീഷ് താരങ്ങള്‍ നേടിയത്. കാനഡ- മലേഷ്യ മത്സരത്തിന് ഏകദിന പദവിയില്ലാത്തതിനാല്‍ ഇംഗ്ലണ്ടിന്‍റെ റെക്കോര്‍ഡിന് കോട്ടംതട്ടിയില്ല.