സിഡ്‌നി: രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് വിവാദം അവസാനിക്കുന്നില്ല. ഓസീസിനെതിരായ മൂന്നുവീതം ഏകദിന- ടി20 പരമ്പരയ്ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഐപിഎല്ലിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയല്‍ നിരീക്ഷണത്തിലായിരുന്നു രോഹിത്. ടെസ്റ്റ് പരമ്പരയ്ക്കായി രോഹിത് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ അദ്ദേഹം പൂര്‍ണ ഫിറ്റല്ലെന്നും  ടെസ്റ്റ് പരമ്പര നഷ്ടമാകുമെന്നും വാര്‍ത്തകള്‍ വരുന്നു. രോഹത്തിന് പകരം ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയെന്നാണ് പുതിയ വിവരം. 

എന്നാല്‍ ഇക്കാര്യത്തെ കുറിച്ചൊന്നും ക്യാപ്റ്റന്‍ വിരാട് കോലി സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ രോഹിത്തിന്റെ അഭാവത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കോലി. രോഹിത്തിന്റെ പരിക്കിനെ കുറിച്ചോ സാഹചര്യത്തെ കുറിച്ചോ വ്യക്തത ഉണ്ടായിരുന്നില്ലെന്നാണ് കോലി പറയുന്നത്. ''ടീമിനൊപ്പം രോഹിത്തും ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.  എന്തുകൊണ്ടാണ് അദ്ദേഹം വരാതിരുന്നത് എന്നതിനെപ്പറ്റി എനിക്ക് യാതൊരു അറിവുമില്ല. ഐപിഎല്ലിനിടെ രോഹിത്തിന് പരുക്കേറ്റെന്നും സെലക്ഷന് ഉണ്ടാവില്ലെന്നും മെയില്‍ വന്നിരുന്നു. ഇക്കാര്യം രോഹിത്തിനെ അറിയിച്ചുവെന്നും മെയിലില്‍ ഉണ്ടായിരുന്നു. സെലക്ഷന്‍ യോഗത്തിന് രണ്ട് ദിവസം മുമ്പായിരുന്നു ഇത്. 

രണ്ട് ആഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് നിര്‍ദേശിച്ചിരുന്നത്. സെലക്ഷന്‍ മീറ്റിംഗിനു ശേഷം അദ്ദേഹം ഐപിഎല്‍ കളിച്ചു. അതുകൊണ്ട് തന്നെ ഞങ്ങളോടൊപ്പം രോഹിതും ഓസ്‌ട്രേലിയയിലേക്ക് വരുമെന്ന് കരുതി. എന്നാല്‍ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണെന്ന വിവരമാണ് ലഭിച്ചത്. രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. എന്ത് സംഭവിക്കുമെന്നതിനായി കാത്തിരിക്കുകയാണ്.'' കോലി  പറഞ്ഞുനിര്‍ത്തി.

ടീം ക്യാപ്റ്റന് രോഹിത്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്ന് ഗുരുതര പിഴവായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്. ക്യാപ്റ്റന് വ്യക്തത ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കായിരുന്നു വേണ്ടതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ പലരും സംശയിച്ചതാണ്.

രോഹിത്തിന്റെ കാര്യത്തില്‍ ബിസിസിഐ ഇപ്പോഴും ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ല. രോഹിത്തിനൊപ്പം എന്‍സിഎയില്‍ നിരീക്ഷണത്തിലായിരുന്നു ഇശാന്ത് ശര്‍മയ്ക്ക് ഓസ്‌ട്രേലിയന്‍ പരമ്പര നഷ്ടമാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വാരിയിയെല്ലിലെ വേദന പൂര്‍ണമായും മാറിയെങ്കിലും ടെസ്റ്റ് കളിക്കാനുള്ള ഫിറ്റ്‌നെസില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.