2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബെന്‍ സ്റ്റോക്സ്(Ben Stokes) എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തി വെസ്റ്റ് ഇന്‍ഡീസിന് കിരീടം സമ്മാനിച്ചശേഷം ഇരുകൈകളും ആകാശേത്തേക്കുയര്‍ത്തി ആവേശത്തോടെ നില്‍ക്കുന്ന ബ്രാത്ത്‌വെയ്റ്റിനെ ആരാധകര്‍ക്ക് ഇപ്പോഴും മറക്കാനാവില്ല.

ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്(Carlos Brathwaite) കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിനോടുള്ള പ്രണയം അവസാനിക്കുന്നില്ല. ഈ മാസം ആറിന് പെണ്‍കുഞ്ഞിന്‍റെ അച്ഛനായ ബ്രാത്ത്‌വെയ്റ്റ്-ജെസീക്ക ഫെലിക്സ് ദമ്പതികള്‍ മകള്‍ക്ക് നല്‍കിയ പേര് ഈഡന്‍ റോസ് എന്നാണ്. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്‍റെ കരിയറില്‍ ഒരിക്കലും മറക്കാത്ത പേരാണ് കൊല്‍ക്കത്തയിലെ ഈ‍ഡന്‍ ഗാര്‍ഡന്‍സ്(Eden Gardens in Kolkata).

2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബെന്‍ സ്റ്റോക്സ്(Ben Stokes) എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തി വെസ്റ്റ് ഇന്‍ഡീസിന് കിരീടം സമ്മാനിച്ചശേഷം ഇരുകൈകളും ആകാശേത്തേക്കുയര്‍ത്തി ആവേശത്തോടെ നില്‍ക്കുന്ന ബ്രാത്ത്‌വെയ്റ്റിനെ ആരാധകര്‍ക്ക് ഇപ്പോഴും മറക്കാനാവില്ല. അതുപോലെ അവിശ്വസനീയ ബാറ്റിംഗിന് മുന്നില്‍ ഹൃദയം തകര്‍ന്ന് പിച്ചില്‍ മുഖം പൊത്തിയിരുന്ന് വിതുമ്പിയ ബെന്‍ സ്റ്റോക്സിനെയും. അതുകൊണ്ടുതന്നെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മകള്‍ക്ക് ഈഡന്‍ റോസ് എന്ന് ബ്രാത്ത്‌വെയ്റ്റ് പേരിട്ടത്.

View post on Instagram

അന്ന് അവിശ്വസനീയ വിജയത്തിനുശേഷം കമന്‍ററി ബോക്സിലിരുന്ന് മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ് പറഞ്ഞ വാക്കുകള്‍, ഓര്‍മയില്‍വെച്ചോളു ആ പേര്, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എന്നായിരുന്നു. ബിഷപ്പിന്‍റെ അതേവാക്കുകള്‍ കടമെടുത്താണ് ബ്രാത്ത്‌വെയ്റ്റ് മകളുടെ പേര് പുറത്തുവിട്ടത്. ഓര്‍മയില്‍വെച്ചോളു ഈ പേര്, ഈഡന്‍ റോസ്, ജനനം, 2/6/22 എന്നാണ് ബ്രാത്ത്‌വെയ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ 33കാരനായ ബ്രാത്ത്‌വെയ്റ്റ് 2019ലാണ് അവസാനമായി വിന്‍ഡീസിനായി കളിച്ചത്. വിവിധ ടി20 ലീഗുകളിലും കമന്‍ററിയിലും സജീവമായ ബ്രാത്ത്‌വെയ്റ്റിനെ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.