സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 181ന് പുറത്താക്കായ ആതിഥേയര്‍ ഇതുവരെ 175 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്. സ്റ്റംപെടുക്കുമ്പോള്‍ നാലിന് 72 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 284നെതിരെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 181ന് അവസാനിച്ചിരുന്നു. 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. 

പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍ മാര്‍ക്രം (2), ഡീന്‍ എല്‍ഗാര്‍ (22), സുബൈര്‍ ഹംസ (4), ഫാഫ് ഡു പ്ലെസിസ് (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വാന്‍ ഡെര്‍ ഡസ്സന്‍ (17), ആന്റിച്ച നോര്‍യെ (4) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

നേരത്തെ വെര്‍ണോന്‍ ഫിലാന്‍ഡറുടെ നാല് വിക്കറ്റ് പ്രകടനമാണ് സന്ദര്‍ശകരെ തകര്‍ത്തത്. കംഗിസോ റബാദ മൂന്നും ആന്റിച്ച് നോര്‍യെ രണ്ടും കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 50 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോ റൂട്ട് (29) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ബെന്‍ സ്‌റ്റോക്‌സ് 35 റണ്‍സെടുത്തു.