22കാരന്റെ ആദ്യ ടി20 സെഞ്ചുറിയാണിത്. ബ്രേവിസിന്റെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലേക്ക്.
ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവാള്‍ഡ് ബ്രേവിസിന് സെഞ്ചുറി. 22കാരന്റെ ആദ്യ ടി20 സെഞ്ചുറിയാണിത്. ഡാര്‍വിന്, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രേവിസിന്റെ സെഞ്ചുറി കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. സെനുരന്‍ മുത്തുസാമി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ പുറത്തായി. റാസി വാന്‍ ഡര്‍ ഡസ്സന്‍, ക്വാബയോംസി പീറ്റര്‍ എന്നിവര്‍ ടീമിലെത്തി. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. അലക്‌സ് ക്യാരി, സീന്‍ അബോട്ട് എന്നിവര്‍ ടീമിലെത്തി. ജോഷ് ഇന്‍ഗ്ലിസ്, നതാന്‍ എല്ലിസ് എന്നിവര്‍ പുറത്തായി.
മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 57 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. റ്യാന്‍ റിക്കിള്‍ട്ടണ്‍ (14) ആദ്യം മടങ്ങി. ബെന്‍ ഡ്വാര്‍ഷ്വിസിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച്. പിന്നാലെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. 18 റണ്‍സെടുത്ത താരത്തെ ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താക്കി. ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസിന് 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നീട് ബ്രേവിസ് - ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (27) സഖ്യം ഇതുവരെ 122 റണ്‍സ് കൂട്ടിചേര്‍ത്തു. 41 പന്തുകള്‍ മാത്രം നേരിട്ട ബ്രേവിസ് ഇതുവരെ എട്ട് സിക്‌സും ഒമ്പത് ഫോറും നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇവലന്‍ അറിയാം...
ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ ഡെര്‍ ഡസ്സെന്‍, ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, എന്‍കബയോംസി പീറ്റര്‍, ക്വേന മഫാക, ലുങ്കി എന്‍ഗിഡി.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ ഓവന്‍, അലക്‌സ് കാരി (ക്യാപ്റ്റന്‍), ബെന്‍ ഡ്വാര്‍ഷൂയിസ്, ഷോണ്‍ അബോട്ട്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

