വാര്‍ണര്‍ തുടങ്ങി, വെടിക്കെട്ട് സെഞ്ചുറിയോടെ മാക്‌സ്‌വെല്‍ പൂര്‍ത്തിയാക്കി! നെതര്‍ലന്‍ഡ്‌സിന് വന്‍ വിജയലക്ഷ്യം
തുടക്കത്തില്‍ തന്നെ ഓസീസിന് മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന്‍ ആക്കര്‍മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി.

ദില്ലി: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 400 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. എട്ട് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ലോഗന്‍ വാന്‍ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
തുടക്കത്തില്‍ തന്നെ ഓസീസിന് മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന്‍ ആക്കര്‍മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ ആര്യന്‍ ദത്ത് പുറത്താക്കി. 68 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. നാലാമതെത്തിയ ലബുഷെയ്‌നും അക്രമിച്ച കളിച്ചു. വാര്‍ണര്‍ക്കൊപ്പം 84 റണ്‍സാണ് ലബുഷെയ്ന്‍ ചേര്‍ത്തത്.
37-ാം ഓവറില്‍ ബാസ് ഡീ ലീഡെയുടെ പന്തില്‍ ദത്തിന് ക്യാച്ച് നല്‍കി ലബുഷെയ്ന്‍ മടങ്ങി. ജോഷ് ഇന്‍ഗ്ലിസിന് (14) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും കൂടാരം കയറി. മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. കാമറൂണ്‍ ഗ്രീന്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഓസീസ് മധ്യനിര തകര്‍ന്നു. എന്നാല്‍ മാക്‌സ്‌വെല്‍ തകര്‍ത്താടിയപ്പോള്‍ ഓസീസ് സ്‌കോര്‍ 400ന് അടുത്തെത്തി. അവസാന ഓവറിലാണ് മാക്‌സി മടങ്ങുന്നത്. 44 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും ഒമ്പത് ഫോറും നേടി.