റയാന്‍ റിക്കിള്‍ട്ടന്റെ (55 പന്തില്‍ 123*) ചരിത്ര സെഞ്ചുറിയുടെയും വില്‍ ജാക്ക്‌സിന്റെ (22 പന്തില്‍ 46) പ്രകടനത്തിന്റെയും ബലത്തില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 244 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചു.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 244 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് വേണ്ടി റയാന്‍ റിക്കിള്‍ട്ടണ്‍ (55 പന്തില്‍ പുറത്താവാതെ 123) സെഞ്ചുറി നേടി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായെത്തിയ വില്‍ ജാക്ക്‌സും (22 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, മുംബൈ നിരയില്‍ നിന്ന് ക്വിന്റണ്‍ ഡി കോക്കും പുറത്തായിരുന്നു. ഹൈദരാബാദ് ഒരു മാറ്റം വരുത്തി. ശിവാംഗ് കുമാറിന് പകരം ഹര്‍ഷ് ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി.

തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ റിക്കിള്‍ട്ടണ്‍ - ജാക്ക് സഖ്യം മുംബൈക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സാണ് ചേര്‍ത്തത്. എട്ടാം ഓവറില്‍ ജാക്ക്‌സിനെ പുറത്താക്കി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദാരബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിന് (5) ഒരിക്കല്‍ കൂടി തിളങ്ങാനായില്ല. ഇഷാന്‍ മലിംഗയ്ക്കായിരുന്നു വിക്കറ്റ്. നാലാമനായി എത്തിയ നമന്‍ ധിര്‍ 17 പന്തില്‍ 22 റണ്‍സുമായി മടങ്ങി. ധിര്‍, റിക്കിള്‍ട്ടണിനൊപ്പം 55 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു.

ഇതിനിടെ റിക്കിള്‍ട്ടണ്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 44 പന്തില്‍ നിന്നാണ് താരം 100 തികച്ചത്. മുംബൈക്ക് വേണ്ടി ഏറ്റവും വേഗത്തിലുള്ള സെഞ്ചുറിയാണ് റിക്കിള്‍ട്ടണ്‍ പൂര്‍ത്തിയാക്കിയത്. അധികം വൈകാതെ ഹാര്‍ദിക് (15 പന്തില്‍ 31) പുറത്തായി. റിക്കിള്‍ട്ടണിനൊപ്പം 56 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് ഹാര്‍ദിക് മടങ്ങിയത്. തുടര്‍ന്നെത്തിയ തിലക് വര്‍മ (7) അവസാന ഓവറില്‍ പുറത്തായി. അവസാന രണ്ട് പന്തുകളില്‍ സിക്‌സും ഫോറും പറത്തി റിക്കിള്‍ട്ടണ്‍ മുംബൈയെ 240 കടത്തി. 55 പന്തുകള്‍ നേരിട്ട റിക്കിള്‍ട്ടണ്‍ എട്ട് സിക്‌സും 10 ഫോറും നേടി. ഹൈദരാബാദിന് വേണ്ടി പ്രപുല്‍ ഹിംഗെ രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസെന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍.

YouTube video player