സഞ്ജു സാംസണിന്റെ സെഞ്ചുറിയും ആഷിഖിന്റെ അവസാന പന്തിലെ സിക്സും ബ്ലൂ ടൈഗേഴ്‌സിന് വിജയം സമ്മാനിച്ചു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 237 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ബ്ലൂ ടൈഗേഴ്‌സ് മറികടന്നത്. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ മുഹമ്മദ് ആഷിഖ് (18 പന്തില്‍ 45) സിക്‌സടിച്ചാണ് ബ്ലൂ ടൈഗേഴ്‌സിനെ വിജയിപ്പിച്ചത്. സഞ്ജു സാംസണിന്റെ (51 പന്തില്‍ 121) സെഞ്ചുറി വിജയത്തില്‍ അതി നിര്‍ണായകമായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സിനെ വിഷ്ണു വിനോദ് (41 പന്തില്‍ 94), സച്ചിന്‍ ബേബി (44 പന്തില്‍ 91) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബ്ലൂ ടൈഗേഴ്‌സിന് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ സഞ്ജു - വിപിന്‍ മനോഹരന്‍ (11) സഖ്യം 64 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്നെത്തിയ മുഹമ്മദ് ഷാനു (39) സഞ്ജുവിനൊപ്പം 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 13-ാം ഓവറില്‍ ഷാനു മടങ്ങുമ്പോള്‍ ബ്ലൂ ടൈഗേഴ്‌സ് രണ്ടിന് 153 എന്ന നിലയിലായിരുന്നു. തുടര്‍ന്നെത്തിയ സാലി സാംസണ് (5) തിളങ്ങാനായില്ല. നിഖിലും (1) വന്നത് പോലെ മടങ്ങി. ഇതിനിടെ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ വിജയത്തിനരികെ സഞ്ജു വീണു. 18-ാം ഓവറില്‍ അജയ്‌ഘോഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സഞ്ജു. 51 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സിന്റേയും 14 ഫോറിന്റേയും സഹായത്തോടെയാണ് 121 റണ്‍സ് അടിച്ചെടുത്തത്.
അവസാന ഓവറില്‍ 17 റണ്‍സാണ് ബ്ലൂ ടൈഗേഴ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷറഫുദ്ദീന്റെ ആദ്യ രണ്ട് പന്തില്‍ ആഷിഖ് ഫോറും സിക്‌സും പായിച്ചു. മൂന്നാം പന്തില്‍ ഒരു റണ്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. എന്നാല്‍ നാലാം പന്തില്‍ ആല്‍ഫി ഫ്രാന്‍സിസ് (7) റണ്ണൗട്ടായി. അഞ്ചാം പന്തില്‍ ആഷിഖിന് റണ്ണെടുക്കാന്‍ സാധിച്ചില്ല. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ്. ഷറഫുദ്ദീനെ ലോംഗ് ഓണിലൂടെ സിക്‌സ് പായിച്ച് ആഷിഖ് വിജയം ആഘോഷിച്ചു. രാകേഷ് കെ ജെ (0) പുറത്താവാതെ നിന്നു.
നേരത്തെ, മൂന്നാം ഓവറില്‍ തന്നെ സെയ്‌ലേഴ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അഭിഷേക് നായര്‍ (8) മടങ്ങി. സാലി സാംസണായിരുന്നു വിക്കറ്റ്. പിന്നീട് വിഷ്ണു - സച്ചിന്‍ സഖ്യം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 143 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 14-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിക്കാന്‍ ബ്ലൂ ടൈഗേഴ്‌സിന് സാധിച്ചത്. സച്ചിന്‍, ജെറിന്റെ പന്തില്‍ പുറത്തായി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ രാഹുല്‍ ശര്‍മയും (0) പുറത്തായി. സജീവന്‍ അഖിലിനും (11) തിളങ്ങാനായില്ല. എന്നാല്‍ ഒരറ്റത്ത് വിഷ്ണു തുടര്‍ന്നതോടെ സ്‌കോര്‍ കുതിച്ചുകയറി. 41 പന്തുകള്‍ നേരിട്ട താരം 10 സിക്‌സും മൂന്ന് ഫോറും നേടി. 18-ാം ഓവറില്‍ താരം മടങ്ങി. ഷറഫുദ്ദീന്‍ (8), അമല്‍ (12) പുറത്താവാതെ നിന്നു.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: സാലി സാംസണ്‍ (ക്യാപ്റ്റന്‍), വിനൂപ് മനോഹരന്‍, സഞ്ജു സാംസണ്‍, രാകേഷ് കെ.ജെ, മുഹമ്മദ് ആഷിക്, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, നിഖില്‍ തോട്ടത്ത് (വിക്കറ്റ് കീപ്പര്‍), കെ.എം ആസിഫ്, അഖിന്‍ സത്താര്‍, ജെറിന്‍ പി.എസ്, അഖില്‍ കെ.ജി.
കൊല്ലം സെയ്‌ലേഴ്‌സ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, ആഷിക് മുഹമ്മദ്, രാഹുല്‍ ശര്‍മ്മ, അമല്‍ എജി, ഈഡന്‍ ആപ്പിള്‍ ടോം, ബിജു നാരായണന്‍, പവന്‍ രാജ്.

