സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. സിഡ്‌നിയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് ഓസീസ് നേടിയത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ (64 പന്തില്‍ 104) പ്രകടനമാണ് നിര്‍ണായകമായത്. ഡേവിഡ് വാര്‍ണര്‍ (83), ആരോണ്‍ ഫിഞ്ച് (60), മര്‍നസ് ലബുഷാനെ (70), ഗ്ലെന്‍ മാക്‌സ്‌വെല്‍ (63) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തിലെന്ന പോലെ ഇന്ത്യന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ന് തല്ല് വാങ്ങുന്ന കാഴ്ച്ചയാണ് സിഡ്‌നിയില്‍ കണ്ടത്. സ്മിത്ത് തന്നെയായിരുന്നു ഇത്തവണയും ഹീറോ. 64 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സിന്റേയും 14 ഫോറിന്റേയും അകമ്പടിയോടെയാണ് 104 റണ്‍സ് നേടിയത്. നേരത്തെ വാര്‍ണര്‍- ഫിഞ്ച് സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫിഞ്ചിനെ പുറത്താക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

അധികം വൈകാതെ വാര്‍ണറും മടങ്ങി. രണ്ട് റണ്‍സ് ഓടാനുള്ള ശ്രമത്തിനിടെ ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ഏറില്‍ താരം റണ്ണൗട്ടാവുകയായിരുന്നു. 77 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടെയാണ് വാരണര്‍ 83 റണ്‍സെടുത്തത്. പിന്നീട് ഒത്തുച്ചേര്‍ന്ന ലബുഷാനെ- സ്മിത്ത് സഖ്യം 136 കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സ്മിത്ത് മടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. 

പിന്നീട് ക്രിസീലെത്തിയത് ഗ്ലെന്‍ മാക്‌സ്‌വെല്‍. സ്മിത്ത് നിര്‍ത്തിയിടത്ത് നിന്നാണ് മാക്‌സ്‌വെല്‍ തുടങ്ങിയത്. 29 പന്തുകള്‍ മാത്രം നേരിട്ട മാക്‌സ്‌വെല്‍ നാല് വീതം സിക്‌സിന്റേയും ബൗണ്ടറിയുടേയും പിന്‍ബലത്തില്‍ പുറത്താവാതെ 63 റണ്‍സാണ് നേടിയത്.

ലഷുഷാനെയ്‌ക്കൊപ്പം 80 റണ്‍സാണ് മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തത്. 61 പന്തിലാണ് ലബുഷാനെ 70 റണ്‍സ് നേടിയത്. ഇതില്‍ അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടും. ബുമ്രയ്ക്കായിരുന്നു ലബുഷാനെയുടെ വിക്കറ്റ്. മൊയ്‌സസ് ഹെന്റിക്വസ് (2) മാക്‌സ്‌വെല്ലിനൊപ്പം പുറത്താവാതെ നിന്നു.