കറാച്ചി: എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ കാണുന്നത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് ധോണിയുടെ കടുത്ത ആരാധകനും പാക് സ്വദേശിയുമായ  മുഹമ്മദ് ബഷീര്‍. ക്രിക്കറ്റ് വൃത്തങ്ങളില്‍ 'ചാച്ച ചിക്കാഗോ' എന്നറിയിപ്പെടുന്ന ബഷീര്‍ ലോകകപ്പുകളിലെ ഇന്ത്യാ-പാക് പോരാട്ടങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. മത്സരങ്ങള്‍ കാണാന്‍ ധോണി തന്നെ ബഷീറിന് ടിക്കറ്റ് സംഘടിപ്പിച്ചുകൊടുക്കാറുമുണ്ട്. ഇന്ത്യാ-പാക് പോരാട്ടം കാണാനായി ഇനി താന്‍ പോകില്ലെന്ന് വ്യക്തമാക്കിയ ബഷീര്‍ ധോണിയെ കാണാനായി അദ്ദേഹത്തിന്റെ റാഞ്ചിയിലെ വസതിയിലെത്തുമെന്നും വ്യക്തമാക്കി.

ധോണി വിരമിച്ചിരിക്കുന്നു, അതുകൊണ്ട് ഞാനും നിര്‍ത്തുകയാണ്. ധോണിയില്ലാത്ത ഇന്ത്യയുടെ കളി കാണാനായി ഞാന്‍ ഇനി ലോകം മുഴുവന്‍ ചുറ്റില്ല. ഞാനദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നു. അദ്ദേഹം തിരിച്ചും-ബഷീര്‍ പിടിഐയോട് പറഞ്ഞു. എല്ലാ കളിക്കാരും ഒരു ദിവസം വിരമിക്കണം. പക്ഷെ അദ്ദേഹത്തിന്റെ വിരമിക്കല്‍ എന്നെ ദു:ഖത്തിലാഴ്ത്തുന്നതിനൊപ്പം അദ്ദേഹത്തൊടൊപ്പം ചെലവഴിച്ച മനോഹരനിമിഷങ്ങള്‍ ഓര്‍മയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. വലിയൊരു യാത്രയയപ്പ് അദ്ദേഹം അര്‍ഹിച്ചിരുന്നു. പക്ഷെ അപ്പോഴും അതിനെല്ലാം അപ്പുറമായിരുന്നു ധോണി-ബഷീര്‍ പറഞ്ഞു.

Also Read: ബെറ്റ് വെക്കാം; ധോണിയുടെ ആ റെക്കോര്‍ഡ് മാത്രം ആരും തകര്‍ക്കില്ലെന്ന് ഗംഭീര്‍

ഇന്ത്യാ-പാക് പോരാട്ടം കാണാന്‍ പോകില്ലെങ്കിലും കൊവിഡ് ആശങ്കകളൊക്കെ മാറി കാര്യങ്ങള്‍ സാധാരണ നിലയിലായില്‍ ധോണിയുടെ റാഞ്ചിയിലെ വസതിയിലെത്തി അദ്ദേഹത്തെ കാണുമെന്നും ബഷീര്‍ പറഞ്ഞു. ധോണിയെ കാണാന്‍ പോകതുമ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു കടുത്ത ആരാധകനായ മൊഹാലിക്കാരന്‍ രാം ബാബുവിനെയും തന്നോടൊപ്പം ക്ഷണിക്കുമെന്നും ബഷീര്‍ പറഞ്ഞു. ഐപിഎല്‍ കാണാനായി യുഎഇയിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യസ്ഥിതിയും യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത് വേണ്ടെന്ന് വെക്കുകയായിരുന്നു. ടൂര്‍ണമെന്റുകള്‍ക്കിടെ കാണുമ്പോള്‍ ധോണി അധികം സംസാരിക്കാറില്ല. പക്ഷെ നമുക്ക് എന്ത് ആവശ്യമുണ്ടോ അത് കണ്ടറിഞ്ഞ് അദ്ദേഹം ചെയ്യും.

ചിലപ്പോഴൊക്കെ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനായിട്ടുണ്ട്. 2019ലെ ലോകകപ്പ് സമയത്ത് അദ്ദേഹത്തോട് അധികമൊന്നും ഇടപഴകാനായില്ല. പക്ഷെ എപ്പോഴത്തെയും പോലെ കളി കാണാനുള്ള ടിക്കറ്റുകള്‍ അദ്ദേഹം ശരിയാക്കി തന്നു. 2018ലെ ഏഷ്യാ കപ്പിനിടെ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ ജേഴ്സി സമ്മാനിച്ചു. അതുപോലെ രണ്ടുതവണ അദ്ദേഹത്തിന്റെ ബാറ്റും. അത് വളരെ സ്പെഷലാണ്. എന്നെ കാണാന്‍ സമയമില്ലെങ്കിലും സപ്പോര്‍ട്ട് സ്റ്റാഫിലെ ആരുടെയെങ്കിലും കൈവശം അദ്ദേഹം ടിക്കറ്റ് കൊടുത്തകയക്കുമായിരുന്നു. അദ്ദേഹത്തിന് അതൊന്നും ചെയ്യേണ്ട ഒരു ആവശ്യവുമില്ല. എന്നിട്ടും അത് ചെയ്തു.

Also Read: വിരമിച്ച് മണിക്കൂറുകള്‍ കഴിഞ്ഞില്ല; ധോണിക്ക് ഷെയ്ന്‍ വോണിന്റെ വമ്പന്‍ ഓഫര്‍

ധോണിയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഓര്‍മയെന്താണെന്നും ബഷീര്‍ വെളിപ്പെടുത്തി. 2015ലെ ഏകദിന ലോകകപ്പ് സമയത്ത് സിഡ്നിയിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് ഇരുന്ന് ഇന്ത്യയുടെ കളി കാണുകയായിരുന്നു ഞാന്‍. പെട്ടെന്ന് സുരേഷ് റെയ്ന എന്റെയടുത്ത് വന്ന് ഒരു സണ്‍ഗ്ലാസ് സമ്മാനിച്ചു എന്നിട്ട് പറഞ്ഞു, ധോണി ഭായി തരാന്‍ പറഞ്ഞതാണ് എന്ന്. ഞാന്‍ ചിരിച്ചു. ധോണി ആരാധനയുടെ പേരില്‍ പാക് ആരാധകര്‍ തന്നെ രാജ്യദ്രോഹിയെന്ന് പോലും വിളിച്ച് അധിക്ഷേപിക്കാറുണ്ടെങ്കിലും അതൊക്കെ താന്‍ അവഗണിക്കാറാണ് പതിവെന്നും ഇരുരാജ്യങ്ങളോടും സ്നേഹമാണുള്ളതെന്നും എല്ലാറ്റിനുമുപരി മനുഷ്യത്വമാണ് വലുതെന്നും ബഷീര്‍ പറഞ്ഞു.

ഷിക്കാഗോയില്‍ ഹോട്ടല്‍ നടത്തുകയാണ് മുഹമ്മദ് ബഷീര്‍.2011ലെ ഏകദിന ലോകകപ്പിനിടെയാണ് ധോണിയും ബഷീറും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. അന്ന് സെമിയില്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും വലയി ആവേശപ്പോരാട്ടം കാണാന്‍ ബഷീറിന് അവസരമൊരുക്കിയത് ധോണിയായിരുന്നു. അന്നുമതുലാണ് ബഷീര്‍ ധോണിയുടെ കടുത്ത ആരാധകനായത്. പിന്നീട് ധോണിയുടെ കളി കാണാനായി മാത്രം അദ്ദേഹം ലോകം മുഴുവന്‍ യാത്ര ചെയ്തു. ഹൈദരാബാദ് സ്വദേശിനിയാണ് ബഷീറിന്റെ ഭാര്യ.