പരിക്കേറ്റ സമയത്ത് കണ്‍കഷന്‍ പരിശോധന ആവശ്യപ്പെടാതെ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം കണ്‍കഷന്‍ ആവശ്യപ്പെടുകയും ഓള്‍ റൗണ്ടറായ ജഡേജക്ക് പകരം സ്പെഷലിസ്റ്റ് സ്പിന്നറെ പകരക്കാരനായി ഇറക്കുകയും ചെയ്തതായ് ഓസീസിനെ പ്രധാനമായും ചൊടിപ്പിച്ചത്. 

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 11 റണ്‍സ് ജയം കുറിച്ചതിന് പിന്നാലെ ബാറ്റിംഗിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം ഇന്ത്യ യുസ്‌വേന്ദ്ര ചാഹലിനെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആക്കി ഇറക്കിയതിനെച്ചൊല്ലി വിവാദം. ജഡേജക്ക് പകരം സ്പെഷലിസ്റ്റ് സ്പിന്നറായ ചാഹലിനെ പകരക്കാരനായി ഇറക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്തെത്തിയിരുന്നു.

ഓസീസിന്‍റെ മൂന്ന് വിക്കറ്റെടുത്ത ചാഹല്‍ മത്സരത്തിന്‍റെ ഗതി മാറ്റുകയും ചെയ്തു. ഇത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ബാറ്റിംഗിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ ജഡേജയുടെ ഹെല്‍മെറ്റില്‍ കൊണ്ടിരുന്നു. അതിനുമുമ്പെ പേശിവലിവിനെ തുടര്‍ന്ന് ഓടാന്‍ ബുദ്ധിമുട്ടിയിരുന്നു ജഡേജ. പന്ത് ഹെല്‍മെറ്റില്‍ കൊണ്ടതോടെ ടീം ഫിസിയോ അടക്കം ഗ്രൗണ്ടിലെത്തി ജഡേജയെ പരിശോധിച്ചെങ്കിലും പ്രധാനമായും പേശിവലിവിനുള്ള ചികിത്സയാണ് നല്‍കിയതെന്നും കണ്‍കഷനുമായി ബന്ധപ്പെട്ടുള്ള പരിശോധന നടത്തിയില്ലെന്നും ഓസീസ് താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കണ്‍കഷനുമായി ബന്ധപ്പെട്ട നിയമം ഇന്ത്യ വളച്ചൊടിച്ചുവെന്നാണ് ഓസീസിന്‍റെ പ്രധാന ആരോപണം.

പരിക്കേറ്റ സമയത്ത് കണ്‍കഷന്‍ പരിശോധന ആവശ്യപ്പെടാതെ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം കണ്‍കഷന്‍ ആവശ്യപ്പെടുകയും ഓള്‍ റൗണ്ടറായ ജഡേജക്ക് പകരം സ്പെഷലിസ്റ്റ് സ്പിന്നറെ പകരക്കാരനായി ഇറക്കുകയും ചെയ്തതായ് ഓസീസിനെ പ്രധാനമായും ചൊടിപ്പിച്ചത്.

എന്നാല്‍ ജഡേജയെ ബൗളറായാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയ മാച്ച് റഫറി മുന്‍ ഓസീസ് താരം കൂടിയായ ഡേവിഡ് ബൂണ്‍ ഓസീസിന്‍റെ വാദങ്ങള്‍ തള്ളി ഇന്ത്യയുടെ അപേക്ഷ അനുവദിക്കുകയായിരുന്നു. ഐസിസി നിയമപ്രകാരം മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന് പരിക്ക് മൂലം കളിക്കാനാവാത്ത സാഹചര്യം വന്നാല്‍ പരിക്കേറ്റ കളിക്കാരന് സമാനമായ റോള്‍ നിര്‍വഹിക്കുന്ന കളിക്കാരനെ പകരക്കാരനായി ഇറക്കാമെന്നാണ് പറയുന്നത്.

ഈ സാഹചര്യത്തിലാണ് ജഡേജയെ ബൗളറായി പരിഗണിച്ച മാച്ച് റഫറി ചാഹലിനെ പകരക്കാരനായി ഇറക്കാന്‍ അനുവദിച്ചത്. ജഡേജ കളിച്ചിരുന്നെങ്കിലും മത്സരത്തില്‍ നാലോവര്‍ പന്തെറിയുമായിരുന്നു എന്നതും മാച്ച് റഫറി കണക്കിലെടുത്തു. എന്തായാലും ഇന്ത്യന്‍ ജയത്തിന് പിന്നാലെ കണ്‍കഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഇനി ചൂടുപടിക്കുമെന്നുറപ്പ്.