മറ്റ് ടീമുകളെപ്പോലെ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടെന്നതും ദുബായിലെ സ്പിന്‍ പിച്ചില്‍ മാത്രം കളിക്കുന്നതും ഇന്ത്യക്ക് അധിക ആനുകൂല്യം നല്‍കുന്നുണ്ടെന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമെല്ലാം ആരോപിച്ചിരുന്നു.

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ദുബായില്‍ മാത്രം കളിക്കുന്ന ഇന്ത്യക്ക് അധിക ആനുകൂല്യം ലഭിക്കുന്നുവെന്ന എതിര്‍ ടീമുകളുടെയും മുന്‍ താരങ്ങളുടെയും അഭിപ്രായം ശരിവെച്ച് ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. ദുബായില്‍ മാത്രം കളിക്കുന്നത് ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്ന് ഷമി പറഞ്ഞു.

തീര്‍ച്ചയായും ദുബായില്‍ മാത്രം കളിക്കുന്നത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇവിടുത്തെ പിച്ചിന്‍റെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങള്‍ക്ക് നല്ലപോലെ പരിചിതമാണ്. ഒരേവേദിയില്‍ എല്ലാ മത്സരങ്ങളും കളിക്കുന്നത് ഞങ്ങള്‍ക്ക് അധിക ആനുകൂല്യം നല്‍കുന്നുണ്ട്. അതില്‍ പ്രധാനം സാഹചര്യങ്ങളും പിച്ചിന്‍റെ സ്വഭാവും ഞങ്ങള്‍ക്ക് നല്ല നിശ്ചയമുണ്ടെന്നതാണെന്നും ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം ഷമി പറഞ്ഞു.

ഹാട്രിക്ക് അടക്കം 3 പന്തില്‍ വീണത് 4 വിക്കറ്റ്; പാകിസ്ഥാന്‍ പ്രസിഡന്‍റ്സ് ട്രോഫി ഫൈനലില്‍ നാടകീയ രംഗങ്ങൾ

ടൂര്‍ണമെന്‍റില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്. മറ്റ് ടീമുകളെപ്പോലെ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടെന്നതും ദുബായിലെ സ്പിന്‍ പിച്ചില്‍ മാത്രം കളിക്കുന്നതും ഇന്ത്യക്ക് അധിക ആനുകൂല്യം നല്‍കുന്നുണ്ടെന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമെല്ലാം ആരോപിച്ചിരുന്നു.

എന്നാല്‍ ദുബായ് ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ലെന്നും മറ്റ് ടീമുകളുടേത് പോലെ തങ്ങള്‍ക്കും ഇവിടുത്തെ സാഹചര്യങ്ങള്‍ അപരിചതമാണെന്നുമായിരുന്നു ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ പോരിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിലപാട്. ദുബായ് മറ്റ് ടീമുകളെപ്പോലെ ഇന്ത്യക്കും നിഷ്പക്ഷ വേദിയാണെന്നും അവസാനം ഏത് ടൂര്‍ണെമന്‍റിലാണ് ഇവിട കളിച്ചത് എന്നുപോലും തനിക്കോര്‍മയില്ലെന്നും കോച്ച് ഗൗതം ഗംഭീറും ഇന്നലെ പറഞ്ഞിരുന്നു.

സ്റ്റീവ് സ്മിത്തിന്‍റെ വിരമിക്കല്‍ വിരാട് കോലി നേരത്തെയറിഞ്ഞു, മത്സരശേഷമുള്ള ആ ആലിംഗനത്തില്‍ എല്ലാം ഉണ്ട്

ഈ ഗ്രൗണ്ടില്‍ ഒരു ദിവസം പോലും പരിശീലനം നടത്തിയിട്ടില്ലെന്നും ദുബായിലെ ഐസിസി അക്കാദമിയിലാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നതെന്നും ഗഭീര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോച്ചിന്‍റയും ക്യാപ്റ്റന്‍റെയും നിലപാടിന് വിരുദ്ധമാണ് പേസര്‍ മുഹമ്മദ് ഷമിയുടെ നിലപാട്. ചാമ്പ്യൻസ് ട്രോഫി ആതിഥേയരായ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക