കരുൺ നിർഭാഗ്യവാൻ തന്നെ, പക്ഷെ ആ യുവതാരം ടീമിലില്ലാത്തതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്ന് സരേഷ് റെയ്ന
അവന്‍ മാത്രമല്ല, ഈ 15 അംഗ ടീമില്‍ ഇടം ലഭിക്കാത്ത മറ്റ് ചിലരുമുണ്ട്, സൂര്യകുമാർ യാദവിനെ പോലെയൊരു കളിക്കാരന് പോലും ഈ ടീമിലിടം ലഭിച്ചില്ല.

മുംബൈ: ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സെലക്ടര്‍മാര്‍ ഇന്നലെയാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും മലയാളി താരം കരുണ്‍ നായര്‍ക്കും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണു പേസര്‍ മുഹമ്മദ് സിറാജിനും ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ചാണ് ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇവര്‍ മാത്രമല്ല ഒഴിവാക്കപ്പെട്ട മറ്റ് താരങ്ങളുമുണ്ടെന്നും അവരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ എന്നും മുന്‍ താരം സുരേഷ് റെയ്ന ചോദിച്ചു.
കരുണ്‍ നായര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും സുരേഷ് റെയ്ന സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു. കരുണിന്‍റെ പ്രകടനത്തിന് കൈയടിക്കുന്നു. ആഭ്യന്തര കിക്കറ്റില്‍ അവന്‍ പുറത്തെടുത്ത പ്രകടനം സെലക്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. ഭാവിയില്‍ ഇനിയുമേറെ മത്സരങ്ങളുള്ളതിനാല്‍ അവന് അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കാം. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ചശേഷവും അവനെ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ നിര്‍ഭാഗ്യവനാണെന്ന് ഞാന്‍ കരുതി. എന്നാലിപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ മത്സരങ്ങളിലും മികവ് കാട്ടി അവന്‍ വീണ്ടും ടീമിന്‍റെ വാതിലില്‍ മുട്ടുന്നു. വരും മത്സരങ്ങളില്‍ സെലക്ടര്‍മാര്‍ അവന് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
അവന് മാത്രമല്ല, ഈ 15 അംഗ ടീമില്‍ ഇടം ലഭിക്കാത്ത മറ്റ് ചിലരുമുണ്ട്, സൂര്യകുമാർ യാദവിനെ പോലെയൊരു കളിക്കാരന് പോലും ഈ ടീമിലിടം ലഭിച്ചില്ല. അതുപോലെ ഓസ്ട്രേലിയയില്‍ തിളങ്ങിയ നിതീഷ് കുമാർ റെഡ്ഡിയെയും ടീമിലെടുത്തില്ല. പക്ഷെ അവനെ ഉള്‍പ്പെടുത്താത്തിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. നിതീഷ് കുമാറിനെ ടീമിലെടുത്തിരുന്നെങ്കില്‍ മികച്ച ഓള്‍ റൗണ്ട് ഓപ്ഷനാകുമായിരുന്നു ഇന്ത്യക്ക്. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനും അവനാവും. പാകിസ്ഥാനെതിരായ മത്സരം ഇന്ത്യക്ക് കടുത്തതാകുമെന്നും ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുകയാകും നിര്‍ണായകമെന്നും റെയ്ന പറഞ്ഞു.
രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലല്ലെങ്കിലും വലിയൊരു ടൂര്‍ണമെന്‍റില്‍ മികവ് കാട്ടാന്‍ ഇരുവര്‍ക്കുമാകുമെന്നും രണ്ടുപേരും പുലിക്കുട്ടികളാണെന്നും റെയ്ന വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക