പരിക്കുമൂലം ഒന്നരവര്‍ഷമായി പുറത്തിരിക്കുന്ന ഷമി ആദ്യമത്സരത്തിനുള്ള പ്ലേയിംഗ് ഇലവനിലുണ്ടാകില്ലെന്നും പകരം ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ഇന്ത്യക്കായി ആദ്യ മത്സരത്തിനിറങ്ങുകയെന്നും ബംഗാര്‍
മുംബൈ: കാത്തിരിപ്പിനൊടുവില്‍ സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ നടത്തുന്നത്. ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യം ഇപ്പോഴും ഉറപ്പ് പറയാനാവാത്തതിനാല്‍ മുഹമ്മദ് ഷമിയായിരിക്കും ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പേസ് നിരയെ നയിക്കുക എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിയില്‍ ഫെബ്രുവരി 20ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ ഷമിക്ക് ഇടമുണ്ടാകില്ലെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യൻ പരിശീലകന്‍ സഞ്ജയ് ബംഗാര്‍.
പരിക്കുമൂലം ഒന്നരവര്‍ഷമായി പുറത്തിരിക്കുന്ന ഷമി ആദ്യമത്സരത്തിനുള്ള പ്ലേയിംഗ് ഇലവനിലുണ്ടാകില്ലെന്നും പകരം ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ഇന്ത്യക്കായി ആദ്യ മത്സരത്തിനിറങ്ങുകയെന്നും ബംഗാര്‍ പ്രവചിക്കുന്നു. ബുമ്രയും അര്‍ഷ്ദീപും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെങ്കില്‍ ഇന്ത്യ ഷമിയെ പുറത്തിരുത്താനാണ് എല്ലാ സാധ്യതയും. അതുപോലെ ആദ്യ മത്സരത്തില്‍ റിഷഭ് പന്തിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്ന് ബംഗാര്‍ പറഞ്ഞു. രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ടീമിലുള്ളതിനാല്‍ ഇവരില്‍ ഒരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനിലെത്തുവെന്നും ബംഗാര്‍ പറഞ്ഞു.
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ആദ്യ മത്സരത്തില്‍ ഇന്ത്യൻ ബാറ്റിംഗ് നിരയിലുണ്ടാകുക. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ ടീമിലെത്തുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നും ബംഗാര്‍ പറഞ്ഞു. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദുബായിലെ സാഹചര്യം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നും പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും കളിക്കുകയെന്നും ബംഗാര്‍ വ്യക്തമാക്കി.
