കൊളംബൊ:മുന്‍ ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലിനെ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിലാണ് ചാണ്ഡിമല്‍ ഇടം നേടിയത്. ഈ മാസം 14നാണ് രണ്ട് ടെസ്റ്റുകളുള്ള പരമ്പര ആരംഭിക്കുന്നത്. ഗാലേയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് 15 അംഗ ടീമിനെ തിരഞ്ഞെടുക്കും. 

കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിക്കല്‍ പോലും ലങ്കന്‍ ജേഴ്‌സി അണിയാത്ത താരമാണ് ചാണ്ഡിമല്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോം ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. ചാണ്ഡിമലിന് പുറമെ അകില ധനഞ്ജയ, ദില്‍റുവാന്‍ പെരേര എന്നിവരേയും ടീമിലേക്ക് തിരികെ വിളിച്ചു. പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ എയ്ഞ്ചലോ മാത്യൂസ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി.