ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍പോര്. പുതുവര്‍ഷത്തിലെ ക്ലാസിക് പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയുടേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും നില അത്ര ഭദ്രമല്ല. 16 കളിയില്‍ 26 പോയിന്റുമായി ചെല്‍സി ആറാം സ്ഥാനത്താണ്. രണ്ട് മത്സരം കുറച്ച് കളിച്ച സിറ്റിക്കും ഇതേ പോയിന്റ്. ലീഗില്‍ എട്ടാം സ്ഥാനത്തും. രാത്രി 10 മണിക്കാണ് മത്സരം. 

കെയ്ല്‍ വാക്കര്‍, ഗബ്രിയേല്‍ ജീസസ് എന്നിവരടക്കം കൊവിഡ് ബാധിതരായ അഞ്ച് താരങ്ങളില്ലാതെയാണ് സിറ്റിയിറങ്ങുക. റിയാദ് മെഹറസ്, കെവിന്‍ ഡിബ്രൂയിന്‍, റഹീം സ്റ്റെര്‍ലിംഗ്, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് സിറ്റിയുടെ പ്രതീക്ഷ. അവസാന അഞ്ച് കളിയിലും തോല്‍വി അറിയാതെ എത്തുന്ന സിറ്റി മൂന്നില്‍ ജയിക്കുകയും ചെയ്തു.

ചെല്‍സിയാവട്ടെ അവസാന അഞ്ച് കളിയില്‍ മൂന്നിലും തോറ്റാണ് ഹോം ഗ്രൗണ്ടില്‍ പെപ് ഗാര്‍ഡിയോളയുടെ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നത്. ക്രിസ്റ്റിയന്‍ പുലിസിച്, തിമോ വെര്‍ണര്‍, ടാമി അബ്രഹാം  മുന്നേറ്റനിരയെയാണ് കോച്ച് ഫ്രാങ്ക് ലാംപാര്‍ഡ് ഉറ്റുനോക്കുന്നത്. 

മറ്റൊരു മത്സത്തില്‍ ലെസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. 29 പോയിന്റുള്ള ലെസ്റ്റര്‍ നാലാമതും 19 പോയിന്റുള്ള ന്യൂകാസില്‍ പതിനാലും സ്ഥാനത്തുമാണ്.