സഞ്ജു സാംസണിന്റെ (115*) അപരാജിത സെഞ്ചുറിയുടെ മികവിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസിനെതിരെ 212 റൺസ് നേടി. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ സഞ്ജുവിന്റെ (56 പന്തില്‍ പുറത്താവാതെ 115) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 20 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. ചെന്നൈക്ക് വേണ്ടി ജാമി ഓവര്‍ട്ടോണ്‍ നാല് വിക്കറ്റെടുത്തു. അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റെടുത്തു. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.

സ്റ്റബ്‌സിന് പുറമെ പതും നിസ്സങ്കയാണ് (24 പന്തില്‍ 41) അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റൊരു താരം. കെ എല്‍ രാഹുല്‍ (18), സമീര്‍ റിസ്വി (6), അക്‌സര്‍ പട്ടേല്‍ (1), ഡേവിഡ് മില്ലര്‍ (17), അഷുതോഷ് ശര്‍മ (19), അക്വിബ് നബി (4) എന്നിവര്‍ നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (4), ലുങ്കി എന്‍ഗിഡി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടി നടരാജന്‍ (1) പുറത്താവാതെ നിന്നു. നേരത്തെ, ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജു നേടിയത്. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രെ (36 പന്തില്‍ 59) അര്‍ധെ സെഞ്ചുറി നേടി. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ സഞ്ജു-ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. ഗെയ്കവാദ് അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ചെന്നൈക്ക് സാധിക്കുമായിരുന്നു. ഏഴാം ഓവറില്‍ ഗെയ്കവാദ് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് ചെന്നൈ ക്യാപ്റ്റന് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് സഞ്ജു-മാത്രെ സഖ്യം ചെന്നൈയെ മുന്നോട്ട് നയിച്ചു. വൈകാതെ മാത്രെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്‌സും മൂന്ന് ഫോറും നേടി മാത്രെ റിട്ടയേര്‍ട്ട് ഔട്ടാവുകയായിരുന്നു. സഞ്ജുവിനൊപ്പം 113 റണ്‍സാണ് മാത്രെ കൂട്ടിചേര്‍ത്തത്.

പിന്നാലെ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കി. 19-ാം ഓവറിലാണ് സഞ്ജു സെഞ്ചുറി നേടുന്നത്. ഐപിഎല്ലില്‍ ഒന്നാകെ സഞ്ജുവിന്റെ നാലാം സെഞ്ചുറിയാണിത്. നാല് സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്്. ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ഇന്നും ചെന്നൈ ഇറങ്ങിയത്. അതേസമയം, ഡിവാള്‍ഡ് ബ്രേവിസ് ടീമില്‍ തിരിച്ചെത്തി. ഗുര്‍ജപ്നീത് സിംഗും ടീമിലുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. വിപ്രാജ നിഗം, നിതീഷ് റാണ എന്നിവര്‍ പുറത്തായി. അക്വിബ് നബി, അഷുതോഷ് ശര്‍മ എന്നിവര്‍ പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡിവാള്‍ഡ് േ്രബവിസ്, ജാമി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്, ഖലീല്‍ അഹമ്മദ്.

ഡല്‍ഹി ക്യാപിറ്റല്‍സ്: പതും നിസ്സങ്ക, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്വിബ് നബി ദാര്‍, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുകേഷ് കുമാര്‍.

YouTube video player