ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുവാഹത്തിയില്‍ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ പരാജയപ്പെട്ടു. 

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാറ്റിംഗ് തകര്‍ച്ച. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ നാലിന് 41 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ നന്ദ്രെ ബര്‍ഗറാണ് ചെന്നൈയെ തകര്‍ത്തത്. ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ സഞ്ജു സാംസണ്‍ (6) നിരാശപ്പെടുത്തി. റുതുരാജ് ഗെയ്കവാദ് (6), ആയുഷ് മാത്രെ (0), മാത്യു ഷോര്‍ട്ട് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കാര്‍ത്തിക് ശര്‍മ (3), സര്‍ഫറാസ് ഖാന്‍ (15) എന്നിവരാണ് ക്രീസില്‍.

Add Asianetnews as a Preferred SourcegooglePreferred

ഓപ്പണറായെത്തിയ സഞ്ജു രണ്ടാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ബൗള്‍ഡായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ഗെയ്കവാദും മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് ഗെയ്കവാദ് മടങ്ങിയത്. മൂന്നാമനായി എത്തിയ ആയുഷ് മാത്ര (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ബര്‍ഗറിന്റെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പവര്‍ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് ഷോര്‍ട്ടും മടങ്ങി. സന്ദീപ് ശര്‍മയുടെ സ്ലോവറില്‍ മിഡ് ഓണില്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പരിക്കേറ്റ എം എസ് ധോണിയും ഡിവാള്‍ഡ് ബ്രേവിസും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, മാത്യു ഷോര്‍ട്ട്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജാമി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, മാറ്റ് ഹെന്റി, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.

YouTube video player