69 റണ്‍സ് കൂടി നേടിയാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വിസ് എസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാവും പുജാര.
ഇന്‍ഡോര്‍: ക്രിക്കറ്റില്‍ അപൂര്‍വ നേട്ടത്തിനരികെ ചേതേശ്വര്‍ പുജാര. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് പുജാരയെ കാത്തിരിക്കുന്നത്. ദില്ലിയില്‍ ഇന്ത്യയുടെ വിജയറണ്‍ നേടിയാണ് ചേതേശ്വര്‍ പുജാര തന്റെ നൂറാം ടെസ്റ്റ് അനശ്വരമാക്കിയത്. ഇന്‍ഡോറില്‍ ഓസീസിനെതിരെ ക്രീസിലെത്തുമ്പോള്‍ പുജാരയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്.
69 റണ്‍സ് കൂടി നേടിയാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വിസ് എസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാവും പുജാര. ഓസ്‌ട്രേലിയക്കെതിരെ 22 ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും പത്ത് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെട 1931 റണ്‍സാണ് പുജാരയുടെ സമ്പാദ്യം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ 3000 റണ്‍സ് പിന്നിട്ട ഏകതാരം സച്ചിനാണ്.
34 ടെസ്റ്റില്‍ സച്ചിന്‍ നേടിയത് 3262 റണ്‍സ്. ലക്ഷ്മണ്‍ 2434 റണ്‍സും ദ്രാവിഡ് 2143 റണ്‍സും നേടിയിട്ടുണ്ട്. പൂജാരയ്ക്ക് പിന്നിലുള്ളത് വിരാട് കോലിയാണ്. ഓസ്ട്രേലിയന്‍ താരങ്ങളില്‍ മുന്നില്‍ റിക്കി പോണ്ടിംഗ്. 29 ടെസ്റ്റില്‍ 2555 റണ്‍സ്. സ്റ്റീവ് സ്മിത്ത് 16 ടെസ്റ്റില്‍ 1813 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്. അവസാന ടെസ്റ്റ് ഒമ്പതിന് അഹമ്മദാബാദില്‍ നടക്കും.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.
