പരിക്ക് മാറാത്തതിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പര നഷ്ടമായ ജോഷ് ഹേസല്‍വുഡിനെ ഏകദിന പരമ്പരയിലേക്കും പരിഗണില്ല. അതേസമയം, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെ ഉള്‍പ്പെടുത്തി. ഇരുവര്‍ക്കും പരിക്കിനെ തുടര്‍ന്ന് ബിഗ് ബാഷില്‍ ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര മാര്‍ച്ച് 17ന് മുംബൈയിലാണ് ആരംഭിക്കുന്നത്. ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് ബിഗ് ബാഷ് ഫൈനല്‍ നഷ്ടമായ ജേ റിച്ചാര്‍ഡ്‌സണും ടീമിലുണ്ട്.
പരിക്ക് മാറാത്തതിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പര നഷ്ടമായ ജോഷ് ഹേസല്‍വുഡിനെ ഏകദിന പരമ്പരയിലേക്കും പരിഗണില്ല. അതേസമയം, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വാര്‍ണര്‍ക്ക് ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ അഷ്ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ഇടം നേടി. അഗറിനെ കൂടാതെ ആഡം സംപയാണ് ടീമിലെ മറ്റൊരു സ്പിന്നര്‍.
ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേ റിച്ചാര്‍ഡ്‌സണ്‍, ആഡം സാംപ, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്.
മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്. അവസാന ടെസ്റ്റ് ഒമ്പതിന് അഹമ്മദാബാദില്‍ നടക്കും.
ടി20 വനിതാ ലോകകപ്പ്: ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഓസീസിനെതിരെ; മത്സരം കാണാന്‍ ഈ വഴികള്‍
