ഇതോടെ ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൂജാരയില്‍ നിന്ന് ഇന്ത്യ ഏറെ പ്രതീക്ഷിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ 14ഉം രണ്ടാം ഇന്നിംഗ്സില്‍ 27ഉം റണ്‍സെടുത്ത് പുറത്തായി.
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തലമുറ മാറ്റത്തിന്‍റെ വ്യക്തമായ സൂചന നല്‍കി സെലക്ടര്‍മാര്‍. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തിയ ചേതേശ്വര്‍ പൂജാര യുവതാരം യശസ്വി ജയ്‌സ്വാളിന് വഴിമാറിയെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്.
ഈ വര്‍ഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പൂജാര വൈസ് ക്യാപ്റ്റനായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും പിന്നാലെ ഓസ്ട്രേലിയക്കെതിരെ നടന്ന നാലു ടെസ്റ്റിലും തിളങ്ങാന്‍ പൂജാരക്കായില്ല. 60 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ഇതിനുശേഷം കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനായി കളിക്കാന്‍ പോയ പൂജാര അവിടെ ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു.
ഇതോടെ ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൂജാരയില്‍ നിന്ന് ഇന്ത്യ ഏറെ പ്രതീക്ഷിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ 14ഉം രണ്ടാം ഇന്നിംഗ്സില്‍ 27ഉം റണ്‍സെടുത്ത് പുറത്തായി. ഇതോടെയാണ് സെലക്ടര്‍മാര്‍ പൂജാരക്ക് പകരക്കാരനെ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായത്. 2019ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ സെഞ്ചുറി നേടിയശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ആണ് പൂജാര അടുത്ത ടെസ്റ്റ് സെഞ്ചുറി നേടുന്നത്.
മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന പൂജാര നാലുവര്‍ഷത്തിനിടെ നേടിയത് രണ്ടേ രണ്ട് ടെസ്റ്റ് സെഞ്ചുറിയാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ പൂജാരയുടെ സെഞ്ചുറി വരള്‍ച്ച ഇന്ത്യന്‍ ബാറ്റിംഗിനെയും ബാധിച്ചിരുന്നു. ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരക്ക് രഹാനെയെ പോലെ ഐപിഎല്ലില്‍ തിളങ്ങി തിരിച്ചുവരാനാവുമെന്ന പ്രതീക്ഷ വെക്കാനാവില്ല. 35കാരനായ പൂജാരക്ക് കൗണ്ടി ക്രിക്കറ്റിലെയും ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനങ്ങളിലൂടെ മാത്രമെ ഇനി ടീമില്‍ തിരിച്ചെത്താനാവു. പകരം ടീമിലെത്തിയ യശസ്വിയെയും റുതുരാജിനെയും പോലുള്ള യുവതാരങ്ങള്‍ തിളങ്ങിയാല്‍ അതിനുള്ള സാധ്യതയും വിരളമാണ്.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ടെസ്റ്റ് ടീമിലെത്തിയ ഉമേഷ് യാദവിനാകട്ടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയെങ്കിലും ഓസ്ട്രേലിയക്കെതിരെ കാര്യമായി അവസരം ലഭിച്ചില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അശ്വിന് പകരം ടീമിലെത്തിയെങ്കിലും ഒരേ ഒരു വിക്കറ്റ് മാത്രമാണ് ഉമേഷിന നേടാനായത്. 35കാരനായ ഉമേഷ് യാദവിന് പകരം മുകേഷ് കുമാറിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ മികച്ച പ്രകടനമാണ് മുകേഷിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
