സിഡ്‌നി: എല്ലാ കാലത്തും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് വാക്‌പോര് കാണാറുണ്ട്. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായേക്കുമെന്ന് കരുതുന്ന സ്റ്റീവ് സ്മിത്താണ് ഇത്തവണ തുടങ്ങിവച്ചത്. തനിക്കെതിരെ ബൗണ്‍സറുകള്‍ എറിയാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സ്മിത്തിന്റെ ചോദ്യം. എന്നാല്‍ ഇന്ത്യന്‍ താരങ്ങളാരും തന്നെ പ്രതികരണമൊന്നും നടത്തിയില്ല. എന്നാലിപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നെടുംതൂണായ ചേതേശ്വര്‍ പൂജാര ഓസീസ് ബാറ്റ്‌സ്മാന്മാരെ വെല്ലുവിളിച്ചിരിക്കുകയാണ്.

ഓസീസ് താരങ്ങളെ ചുരുട്ടിക്കെട്ടാനുള്ള തന്ത്രങ്ങളൊക്കെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൈവശമാക്കിയിട്ടുണ്ടെന്നാണ് പൂജാര പറയുന്നത്. പ്രധാനമായും ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷാനെ, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കെതിരെയാണ് പൂജാരയുടെ ഒളിയമ്പ്. താരം പറയുന്നതിങ്ങനെ.. ''ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എങ്ങനെ കളിക്കണമെന്ന് നന്നായി അറിയാം. വ്യക്തമായ പ്ലാനുമായിട്ട് തന്നെയാണ് ഇന്ത്യയില്‍ നിന്ന് വിമാനം കയറിയത്. മുമ്പ് കളിച്ചിട്ടുള്ളതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്ത് അവര്‍ അറിഞ്ഞുകാണും. സ്മിത്ത്, വാര്‍ണര്‍, ലബുഷാനെ എന്നിവര്‍ക്കെതിരെ ഫലപ്രധമായി തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ബൗളര്‍മാര്‍ക്കാവും. മൂവരേയും വേഗതക്തില്‍ പുറത്താക്കാനുള്ള കരുത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ട്. നേരത്തെ ഓസ്ട്രേലിയയില്‍ പരമ്പര നേടിയതതുകൊണ്ട് വീണ്ടും പരമ്പര നേടുകയെന്നുള്ളത് അസാധ്യമായ കാര്യമൊന്നുമല്ല. കഴിഞ്ഞ തവണത്തെ ടീമിനേക്കാള്‍ കരുത്തരാണ് അവരെന്നറിയാം. എന്നാല്‍ എളുപ്പത്തില്‍ വിജയം നേടാന്‍ സാധിക്കില്ല.'' പൂജാര പറഞ്ഞു. 

സ്മിത്തും വാര്‍ണറും ലബുഷാനെയും മികച്ച ബാറ്റ്സ്മാന്‍മാരാണെന്നും എന്നാല്‍ അന്നത്തെ പരമ്പര കളിച്ച ഒട്ടുമിക്ക താരങ്ങളും ഇന്ന് ഇന്ത്യക്കൊപ്പമുണ്ടെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പൂജാര കൂട്ടിച്ചേര്‍ത്തു. 2019ല്‍ ഇന്ത്യ ഓസീസ് പരമ്പര നേടിയപ്പോള്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാല് ടെസ്റ്റ് മത്സരത്തില്‍ നിന്ന് 523 റണ്‍സാണ് പുജാര നേടിയത്. മാന്‍ ഓഫ് ദ സീരീസും പൂജാരയായിരുന്നു. രാഹുല്‍ ദ്രാവിഡ് കളമൊഴിഞ്ഞ ശേഷം മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസിക്കാവുന്ന താരമാണ് പൂജാര.