2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആണ് പൂജാര ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്.

രാജ്‌കോട്ട്: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് എക്സ് പോസ്റ്റിലൂടെ 37കാരനായ പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. അ‍ഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ച പൂജാര 51 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി 30 മത്സരങ്ങളിലും പൂജാര പാഡണിഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആണ് പൂജാര ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്. ഇന്ത്യ തോറ്റ ഫൈനലില്‍ 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്കോര്‍. രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു ദശകത്തോളം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി വളര്‍ന്ന പൂജാര സാങ്കേതികത്തികവിന്‍റെയും പിഴവറ്റ പ്രതിരോധത്തിന്‍റെയും പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്.

Scroll to load tweet…

രാജ്കോട്ട് പോലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ കളിക്കുക എന്ന ആഗ്രഹവുമായി എത്തിയ തനിക്ക് ക്രിക്കറ്റ് ആഗ്രഹിച്ചതിലധികം നല്‍കിയെന്നും വിടവാങ്ങല്‍ കുറിപ്പില്‍ പൂജാര വ്യക്തമാക്കി. ഇന്ത്യക്കായും സാരാഷ്ട്രക്കായും കളിക്കാന്‍ അവസരം ഒരുക്കിയ ബിസിസിഐക്കും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും മറ്റ് ടീം ഉടമകള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും പൂജാര വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ഓസട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കും കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കും പൂജാരയെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും യുവതാരങ്ങള്‍ക്കാണ് സെലക്ടര്‍മാര്‍ പിരഗണന നല്‍കിയത്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ കമന്‍റേറ്ററായും പൂജാര ശ്രദ്ദേയനായിരുന്നു. ഓസ്ട്രേലിയക്കെതിരെ ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയും ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായര്‍, സായ് സുദര്‍ശന്‍ എന്നിവരെയുമാണ് സെലക്ടര്‍മാര്‍ മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക