സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ 176 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്ത്യയുടെ ടോപ് സ്കോററായത് എങ്കിലും ഇഴഞ്ഞുനീങ്ങിയ ഇന്നിംഗ്സായിരുന്നു പൂജാരയുടേത്.

സിഡ്നി ടെസ്റ്റില്‍ ഒരു സ്കോറിംഗ് ഷോട്ട് കളിക്കാന്‍ പോലും പൂജാര ഭയപ്പെട്ടുവെന്ന് ബോര്‍ഡര്‍ പറഞ്ഞു. റണ്‍സടിക്കുന്നതിനേക്കാള്‍ അതീജിവനത്തിനാണ് പൂജാര ശ്രമിച്ചതെന്നും ബോര്‍ഡര്‍ വ്യക്തമാക്കി. കഴിഞ്ഞ പരമ്പരയില്‍ കളിച്ച പൂജാരയെ അല്ല ഈ പരമ്പരയില്‍ കാണാനാകുന്നത്. റണ്‍സടിക്കാനായി ഒട്ടേറെ ബോളുകളാണ് അദ്ദേഹം കളിക്കുന്നത്.

ക്രീസില്‍ ഉറപ്പിച്ചു നിര്‍ത്തിയതുപോലെയാണ് അദ്ദേഹത്തിന്‍റെ ബാറ്റിംഗ്. പൂജാര പുറത്താവില്ലായിരിക്കാം. പക്ഷെ സ്കോര്‍ ബോര്‍ഡിന് അനക്കമില്ലെങ്കില്‍ പിന്നെ അതില്‍ കാര്യമില്ലല്ലോ. പൂജാരയുടെ അമിതപ്രതിരോധം  ഇന്ത്യന്‍ ടീമിന്‍റെ ആകെ ബാറ്റിംഗിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇങ്ങനെ കളിച്ചാല്‍ ഓസീസ് ബൗളിംഗിന് മേല്‍ ആധിപത്യം നേടാനാവില്ല.

ഇന്ത്യയെ അനായാസം റണ്‍സടിക്കാന്‍ അനുവദിക്കാത്തതില്‍ ഓസീസ് ബൗളിംഗിനും തുല്യമായ പങ്കുണ്ട്. അതിനുളള ക്രെഡിറ്റ് അവര്‍ക്ക് നല്‍കിയേ മതിയാവൂ എന്നും ബോര്‍ഡര്‍ പറഞ്ഞു. നേരത്തെ പൂജാരയുടെ മെല്ലെപ്പോക്കിനെതിരെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗും രംഗത്തെത്തിയിരുന്നു. പൂജാരയുടെ അമിതപ്രതിരോധം ശരിയായ സമീപനമല്ലെന്നും അല്‍പം കൂടി ആക്രമിച്ച് കളിക്കാന്‍ അദ്ദേഹം തയാറാവണമെന്നും പോണ്ടിംഗ് പറഞ്ഞിരുന്നു.