സിഡ്‌നി: ഓസ്‌ട്രേലിയകക്കെതിരായ സിഡ്‌നി ടെസ്റ്റ് സമനിലയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ചേതേശ്വര്‍ പൂജാര. ആദ്യ ഇന്നിങ്‌സില്‍ മെല്ലെപ്പോക്കിന്റെ പേരില്‍ പഴി കേട്ടെങ്കിലും, രണ്ടാം ഇന്നിങ്‌സില്‍ വിമര്‍ശകരുടെ വായടിപ്പിക്കുന്ന മറുപടി നല്‍കി. 205 പന്ത് നേരിട്ട പൂജാര 77 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. 176 പന്തില്‍ 50 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.

ഇന്നത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ ടെസ്റ്റ് കരിയറില്‍ ഒരു നാഴികക്കല്ലും പൂജാര പിന്നിട്ടു. ടെസ്റ്റില്‍ 6,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് പൂജാര. തന്റെ 80ാം ടെസ്റ്റ് മത്സരത്തില്‍ 134  ഇന്നിങ്‌സില്‍ നിന്നാണ് പൂജാര നേട്ടം സ്വന്തമാക്കിയത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ വിരാട് കോലി (7318- 119 ഇന്നിങ്‌സ്) മാത്രമാണ്  6,000 മറികടന്നിട്ടുള്ളത്. വേഗത്തില്‍ 6000 കടക്കുന്ന താരങ്ങളില്‍ ആറാം സ്ഥാനത്താണ് പൂജാര. 

മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍ (10122- 117 ഇന്നിങ്‌സ്), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (15921- 120 ഇന്നിങ്‌സ്), രാഹുല്‍ ദ്രാവിഡ് (13265- 125 ഇന്നിങ്‌സ്), വിരേന്ദര്‍ സെവാഗ് (8503- 121 ഇന്നിങ്‌സ്), വിവിഎസ് ലക്ഷ്മണ്‍ (8781- 158 ഇന്നിങ്‌സ്),  സൗരവ് ഗാംഗുലി (7212- 159 ഇന്നിങ്‌സ്), ദിലീഗ് വെങ്‌സര്‍ക്കാര്‍ (6868- 155 ഇന്നിങ്‌സ്), മുഹമ്മദ് അസറുദ്ദീന്‍ (6215- 143 ഇന്നിങ്‌സ്), ഗുണ്ടപ്പ വിശ്വനാഥ് (6080- 151 ഇന്നിങ്‌സ്) എന്നിവരും 6000 ക്ലബിലുണ്ട്.