ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വീണ്ടും തോൽവി. ഛത്തീസ്ഗഢ് ഏഴ് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 97 റൺസെടുത്തപ്പോൾ, ഛത്തീസ്ഗഢ് 17.4 ഓവറിൽ ലക്ഷ്യം കണ്ടു.
ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഏഴ് വിക്കറ്റിനാണ് ഛത്തീസ്ഗഢ് കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് മാത്രമാണ് എടുക്കാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢ് 14 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കേരളം - 20 ഓവറില്‍ 97/7, ഛത്തീസ്?ഗഢ് - 17.4 ഓവറില്‍ 100/3
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് വേണ്ടി ആര്യനന്ദയും ശ്രദ്ധ സുമേഷും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഓപ്പണര്‍ ശ്രേയ സിജു അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ അമീറ ബീഗം ഏഴ് റണ്‍സുമായി മടങ്ങി. മൂന്നാം വിക്കറ്റില്‍ ആര്യനന്ദയും ശ്രദ്ധയും ചേര്‍ന്ന് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആര്യനന്ദ 42 ഉം ശ്രദ്ധ 20 ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയവരും നിറംമങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 97 ല്‍ അവസാനിച്ചു. ഛത്തീസ്?ഗഢിന് വേണ്ടി ശ്രേയ ശ്രീവാസ് മൂന്നും പലക് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢിന് 41 റണ്‍സുമായി പുറത്താകാതെ നിന്ന യതി ശര്‍മ്മയുടെ ഇന്നിങ്‌സാണ് അനായാസ വിജയം ഒരുക്കിയത്. ചാന്ദ് ചേലക് 21 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി സി.വി. അനുഷ്‌കയും വി.ജെ. ശീതളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

