സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ വീണ്ടും എത്തുമോ എന്ന കാര്യത്തില്‍ സൂചനകള്‍ നല്‍കുന്നുണ്ട് മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് 

കൊല്‍ക്കത്ത: മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഋഷഭ് പന്തിനെ പിന്തുണച്ച് മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. പന്തിനെ പോലൊരു പ്രതിഭാധനനായ താരത്തിന് കഴിവുതെളിയിക്കാന്‍ സമയം നല്‍കണമെന്നും ആരാധകര്‍ കാത്തിരിക്കണമെന്നും അദേഹം കൊല്‍ക്കത്തയില്‍ പറഞ്ഞു. ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്‌ജു സാംസണ്‍ പരിഗണനയിലുണ്ടെന്നും അദേഹം വ്യക്തമാക്കി. 

ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ലോകകപ്പിന് ശേഷം പറഞ്ഞിരുന്നു. പന്തിനോട് സഹിഷ്ണത കാട്ടണം. പന്തിന്‍റെ വര്‍ക്ക് ലോഡ് നിരീക്ഷിച്ചുവരികയാണ്. എല്ലാ ഫോര്‍മാറ്റിലും ബാക്ക്അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരെയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇന്ത്യ എക്കായി ടെസ്റ്റില്‍ കെ എസ് ഭരത് മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. സഞ്‌ജു സാംസണും ഇഷാന്‍ കിഷനും ഇന്ത്യ എക്കായി പരിമിത ഓവര്‍ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്നുണ്ടെന്നും അദേഹം പറഞ്ഞു. 

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യക്ക് നേടിക്കൊടുത്തത് സഞ്‌ജുവാണ്. അവസാന രണ്ട് മത്സരങ്ങളിലായിരുന്നു സഞ്‌ജു ഇന്ത്യക്കായി ഇറങ്ങിയത്. കാര്യവട്ടത്ത് അവസാന മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സ് നേടി സഞ്‌ജു വിസ്‌മയിപ്പിച്ചിരുന്നു. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന എം എസ് ധോണിക്ക് പകരം ഋഷഭ് പന്താണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഋഷഭ് പന്ത് പുറത്തായ വിധം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തില്‍ നാല് റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. സഞ്‌ജു സാംസണ് അവസരം നല്‍കണമെന്ന് ഇതോടെ ആവശ്യം ശക്തമാവുകയാണ്.