പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: കരിയറിലെ 300-ാം ഏകദിനത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ല്‍. ഏകദിനത്തില്‍ വിന്‍ഡീസിനായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലാണ് ഗെയ്‌ല്‍ എത്തിയത്. 10348 റണ്‍സ് നേടിയ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് ഗെയ്‌ല്‍ മറികടന്നു. 

മത്സരത്തോടെ 300 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വിന്‍ഡീസ് താരമെന്ന നേട്ടത്തിലുമെത്തി ഗെയ്‌ല്‍. ഇക്കാര്യത്തിലും 299 മത്സരങ്ങള്‍ കളിച്ച ലാറയുടെ റെക്കോര്‍ഡാണ് ഗെയ്‌ല്‍ മറികടന്നത്. 

എന്നാല്‍ ഗെയ്‌ല്‍ തിളങ്ങാതെ പോയ മത്സരത്തില്‍ വിന്‍ഡീസ് മഴനിയമപ്രകാരം 59 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 24 പന്തില്‍ 11 റണ്‍സാണ് ഗെയ്‌ല്‍ നേടിയത്. 46 ഓവറിൽ 270 റൺസായി പുതുക്കിനിശ്ചയിച്ച ലക്ഷ്യം പിന്തുടർന്ന വിന്‍ഡീസ് 42 ഓവറിൽ 210 റൺസിന് എല്ലാവരും പുറത്തായി. നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയും(120 റണ്‍സ്), പേസര്‍ ഭുവിയുടെ നാല് വിക്കറ്റുമാണ് ഇന്ത്യയെ ജയിപ്പിച്ചത്.