മുംബൈ: ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്‌മാനാണ് വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ല്‍. ലോകത്തെ വിവിധ ലീഗുകളിലായി ഗെയ്‌ലാട്ടം പലതവണ ആരാധകരെ പുളകംകൊള്ളിച്ചിരിക്കുന്നു. നാല്‍പ്പതാം വയസില്‍ നില്‍ക്കേ വിരമിക്കല്‍ എപ്പോഴെന്ന് ചോദിക്കുന്നവര്‍ക്ക് തീപ്പൊരി ബാറ്റ്സ്‌മാന്‍റെ മറുപടിയും വെടിക്കെട്ട് ശൈലിയിലാണ്. 

വിരമിക്കും മുന്‍പ് 10 സെഞ്ചുറി കൂടി നേടണം എന്ന് ക്രിസ് ഗെയ്‌ല്‍ പറയുന്നു. അതും താനേറെ ഇഷ്‌ടപ്പെടുന്ന ടി20 ഫോര്‍മാറ്റില്‍. ട്വിറ്ററില്‍ നല്‍കിയ മറുപടിയിലാണ് ഗെയ്‌ലിന്‍റെ വാക്കുകള്‍. 

ടി20യില്‍ 22 ശതകങ്ങളുമായി നിലവില്‍ സെഞ്ചുറിവേട്ടയില്‍ മുന്നിലുള്ള താരമാണ് ഗെയ്‌ല്‍. 28 അര്‍ധ സെഞ്ചുറികളും പേരിലുള്ള ഗെയ്‌ലിന് 13,296 റണ്‍സാണ് ക്രിക്കറ്റിലെ ചെറിയ ഫോര്‍മാറ്റിലെ സമ്പാദ്യം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) അടക്കമുള്ള വിവിധ ലീഗുകളില്‍ കളിച്ചാണ് ഗെയ്‌ല്‍ ഈ നേട്ടങ്ങള്‍ കീശയിലാക്കിയത്. അന്താരാഷ്‌ട്ര ടി20കളില്‍ രണ്ട് സെഞ്ചുറിയും 13 അര്‍ധവും ഗെയ്‌ലിനുണ്ട്. വിന്‍ഡീസിന്‍റെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയുമായി. 

Read more: ആറ് സാധ്യതകള്‍ തേടി ബിസിസിഐ; ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ഏറ്റവും വലിയ നഷ്‌ടം ധോണിക്ക്

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ താരമാണ് ക്രിസ് ഗെയ്‌ല്‍. കൊവിഡ് 19 മഹാമാരി വ്യാപനത്തെ തുടര്‍ന്ന് ലീഗ് നീട്ടിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗെയ്‌ല്‍ ഇനി എപ്പോള്‍ ബാറ്റന്തും എന്ന് വ്യക്തമല്ല. ഏപ്രില്‍ 15 വരെയാണ് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്.  

Read more: കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക