മുംബൈ: ഐപിഎല്‍ നടത്തിപ്പിന് ബിസിസിഐ പരിഗണിക്കുന്നത് ആറ് സാധ്യതകള്‍. ലീഗ് വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് തന്നെയാണ് വിലയിരുത്തൽ. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13-ാം സീസണ്‍ നിലവില്‍ ഏപ്രില്‍ 15ലേക്കാണ് മാറ്റിയിരിക്കുന്നത്. ഐപിഎല്‍ ഭരണസമിതിയും ടീം ഉടമകളും ചേര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയത്. 

1. ഹോം, എവേ അടിസ്ഥാനത്തിൽ ടീമുകള്‍ രണ്ട് തവണ ഏറ്റുമുട്ടുന്നതിന് പകരം ഒരിക്കല്‍ മാത്രം നേര്‍ക്കുനേര്‍ വരിക. അങ്ങനെയെങ്കിൽ നാല് പ്ലേ ഓഫ് അടക്കം 32 മത്സരങ്ങളാകും ഉണ്ടാവുക.

2. നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കി തിരിച്ച ശേഷം ഹോം, എവേ അടിസ്ഥാനത്തിൽ മത്സരങ്ങള്‍ നടത്തുക. ഈ മത്സരക്രമത്തിൽ പ്ലേ ഓഫ് അടക്കം 28 മത്സരങ്ങള്‍ ആകെ ഉണ്ടാകും.

3. വൈകി തുടങ്ങുന്ന സീസണ്‍ മെയ് 31 വരെ എങ്കിലും നീട്ടുക എന്നതാണ് അടുത്ത വഴി. വിദേശതാരങ്ങളെ വിട്ടുനൽകാന്‍ മറ്റ് ബോര്‍ഡുകള്‍ സമ്മതിച്ചാൽ ജൂൺ ഏഴ് വരെ ലീഗ് നീട്ടാമെന്നും ആലോചനയുണ്ട്.

Read more: പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി; ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

4. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് വൈകിട്ട് നാല് മണിക്കും എട്ട് മണിക്കുമായി രണ്ട് മത്സരങ്ങള്‍ ഉള്ളത്. അതിനുപകരം കൂടുതൽ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുക എന്നതും ബിസിസിഐ പരിഗണിക്കും. 

5. ഒരു ദിവസം മൂന്ന് മത്സരങ്ങള്‍ വീതം നടത്തുക എന്നതും ആലോചനയിലുണ്ട്. എന്നാല്‍ ഫ്രാഞ്ചൈസികളും സംപ്രേഷണാവകാശം നേടിയ ചാനലും ഇതിനെ അനുകൂലിച്ചേക്കില്ല. 

6. നിലവിലെ ഒന്‍പത് നഗരങ്ങള്‍ എന്നതിന് പകരം ഐപിഎല്‍ നടത്തിപ്പിന് തയ്യാറായ നാലോ അഞ്ചോ വേദികളിലേക്ക് ചുരുക്കുക. ഇത് നടപ്പിലായാൽ ചെലവ് കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതാണ് ആറാമത്തെ വഴി. 

ഏപ്രില്‍ 15നും കൊവിഡ് ആശങ്ക തുടര്‍ന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങള്‍ നടത്തുക എന്നതാകും ബിസിസിഐക്ക് മുന്നിലെ വഴി. അതേസമയം ഐപിഎൽ ഉപേക്ഷിക്കേണ്ടിവന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ ഭാവി സംബന്ധിച്ച് ആശയക്കുഴപ്പം ശക്തമാകും. ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തണമെങ്കില്‍ ധോണിക്ക് മുന്നിലുള്ള ഏക പോംവഴിയായിരുന്നു ഐപിഎല്‍.  

Read more: ഐപിഎല്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ഗാംഗുലി