ഗയാന: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വെസ്റ്റ് ഇന്‍ഡീസ് ഇന്നിറങ്ങുമ്പോള്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഇന്നിറങ്ങുന്നത് ചരിത്രനേട്ടം ലക്ഷ്യമിട്ടാണ്. വെസ്റ്റ് ഇന്‍ഡീസിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഗെയ്‌ലിന്റെ കൈയകലത്തില്‍ ഉള്ളത്.

295 മത്സരങ്ങളില്‍ നിന്ന് 10,338 റണ്‍സാണ് 40കാരനായ ഗെയ്‌ലിന്റെ പേരിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10,348 റണ്‍സടിച്ചിട്ടുള്ള ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ പേരിലുള്ള റെക്കോര്‍ഡാണ് 11 റണ്‍സ് കൂടി നേടിയാല്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാവുക. 268 മത്സരങ്ങളില്‍ നിന്ന് 8778 റണ്‍സടിച്ചിട്ടുള്ള ശിവ്‌നാരായന്‍ ചന്ദര്‍പോളാണ് ഏകദിനങ്ങളില്‍ വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച മൂന്നാമത്തെ ബാറ്റ്സ്മാന്‍.

റണ്‍മലയില്‍ മുന്നിലെത്തുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങിയാല്‍ ഗെയ്‌ലിനെ തേടിയെത്തും.  വിന്‍ഡീസിനായി ഏറ്റും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഗെയ്‌ലിന് ഇന്ന് സ്വന്തമാവുക. നിലവില്‍ ലാറയും ഗെയ്‌ലും 295 മത്സരങ്ങള്‍ വീതം കളിച്ച് തുല്യതപാലിക്കുകയാണ്. 268 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചന്ദര്‍പോളാണ് മൂന്നാമത്.

ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഗെയ്‌ലിന് കൈപ്പിടിയിലൊതുക്കാനാവും. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിന്‍ഡീസ് ബാറ്റ്സമാനെന്ന റെക്കോര്‍ഡ്. 36 മത്സരങ്ങളില്‍ 1357 റണ്‍സടിച്ചിട്ടുള്ള ഡെസ്മണ്ട്  ഹെയ്ന്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 38 കളികളില്‍ 1247 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. കാള്‍ ഹൂപ്പര്‍, രാംനരേഷ് സര്‍വന്‍, ചന്ദര്‍പോള്‍ എന്നിവരും ഈ നേട്ടത്തില്‍ ഗെയ്‌ലിന് മുന്നിലുണ്ട്.

ലോകകപ്പ് ക്രിക്കറ്റോടെ വിരിമിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ഗെയ്ല്‍ പിന്നീട് വിരമിക്കല്‍ തീരുമാനം നീട്ടി. ഇന്ത്യക്കെതിരായ പരമ്പരയോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് ഗെയ്‌ല്‍ ഒടുവില്‍ വ്യക്തമാക്കിയത്.