പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ വീണ്ടും ആശയകുഴപ്പം. ഇന്ത്യക്കെതിരെ മൂന്നാം മത്സരം താരത്തിന്റെ അവസാന ഏകദിനമായിരിക്കുമെന്നായിരുന്നു പരക്കെയുള്ള വാര്‍ത്ത. ഗെയ്ല്‍ ഇക്കാര്യം പറഞ്ഞതുമാണ്. അവസാന ഏകദിനം കളിക്കുന്നുവെന്ന സൂചനയോടെ 301-ം നമ്പര്‍ പതിച്ച പ്രത്യേക ജേഴ്‌സിയണിഞ്ഞായിരുന്നു ഗെയ്ല്‍ കളിക്കാനിറങ്ങിയത്. 41 പന്തില്‍ 72 റണ്‍സടിച്ച ഗെയ്ല്‍ പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇന്ത്യന്‍ താരങ്ങള്‍ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ബാറ്റ് ഉയര്‍ത്തി ആരാധകരോട് യാത്ര പറഞ്ഞാണ് ഗെയ്ല്‍ മടങ്ങിയത്. 

എന്നാല്‍ മത്സരശേഷം ഗെയ്‌ലിന്റെ വാക്കുകള്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ അവസാന ഏകദിന മത്സരമായിരുന്നില്ല കഴിഞ്ഞത് എന്നായിരുന്നു 40കാരന്‍ പറഞ്ഞത്. മൂന്നാം ഏകദിനത്തിന് ശേഷം ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന് നല്‍കിയ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലായിരുന്നു താന്‍ വിരമിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍ വ്യക്തമാക്കിയത്. 

ഗെയ്ല്‍ തുടര്‍ന്നു...''ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത് വിന്‍ഡീസ് ക്രിക്കറ്റ് ടീമിലുണ്ടാകും.'' ചിരിച്ചുകൊണ്ടാണ് ഗെയ്ല്‍ മറുപടി നല്‍കിയത്. ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ലോകം ഗെയ്‌ലിന്റെ വാക്കുകള്‍ ഏറ്റെടുത്തത്.

നേരത്തെ, ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ഗെയ്ല്‍ അറിയിച്ചിരുന്നു. പിന്നാലെ തീരുമാനം മാറ്റുകയും ഇന്ത്യക്കെതിരെ പരമ്പരയ്ക്ക് ശേഷം മാത്രമേ വിരമിക്കൂവെന്ന് അറിയിക്കുകയായിരുന്നു.