ഓപ്പണിംഗ് വിക്കറ്റില്‍ ഡ്വയിന്‍ സ്മിത്തും ഗെയ്‌ലും ചേര്‍ന്ന് വിന്‍ഡീസിനായി 8.3 ഓവറില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്.

ലണ്ടൻ: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പ് ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യൻസിനായി വെടിക്കെട്ട് ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ല്‍. ഗെയിലിന്‍റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കൻ ചാമ്പ്യൻസിനെതിരെ വിന്‍ഡീസ് ആറ് വിക്കറ്റ് വിജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കൻ ചാമ്പ്യൻസ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസിനായി ഗെയ്ല്‍ 40 പന്തിൽ 70 റണ്‍സടിച്ചപ്പോള്‍ ചാഡ്‌വിക് വാള്‍ട്ടൺ 29 പന്തില്‍ 56 റണ്‍സടിച്ചു.

ഓപ്പണിംഗ് വിക്കറ്റില്‍ ഡ്വയിന്‍ സ്മിത്തും ഗെയ്‌ലും ചേര്‍ന്ന് വിന്‍ഡീസിനായി 8.3 ഓവറില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. 24 പന്തില്‍ 22 റണ്‍സെടുത്ത സ്മിത്തിനെ മക്കന്‍സി മടക്കി. വാള്‍ട്ടണുമൊത്ത് ചേര്‍ന്ന് പിന്നീട് തകര്‍ത്തടിച്ച ഗെയ്ല്‍ 13 ഓവറില്‍ ടീം സ്കോര്‍ 124ല്‍ നില്‍ക്കെ ലാങ്‌വെല്‍റ്റിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ആറ് സിക്സും നാലു ഫോറും അടങ്ങുന്നതാണ് ഗെയ്‌ലിന്‍റെ ഇന്നിംഗ്സ്.

വിവാഹം ഉടനുണ്ടാകും, പക്ഷെ വധു ബോളിവുഡ് നടിയല്ലെന്ന് ഇന്ത്യയുടെ ലോകകപ്പ് ഹീറോ കുല്‍ദീപ് യാദവ്

പിന്നീടെത്തിയ ജൊനാഥന്‍ കാര്‍ട്ടറും(6), ആഷ്‌ലി നേഴ്സും(0) പെട്ടെന്ന് മടങ്ങിയെങ്കിലും കിര്‍കത് എഡ്വേര്‍ഡ്സിനെ കൂട്ടുപിടിച്ച്(12*) വാള്‍ട്ടണ്‍ വിന്‍ഡീസിനെ 19.1 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങുന്നതാണ് വാൾട്ടന്‍റെ ഇന്നിംഗ്സ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനായി ആഷ്‌വെല്‍ പ്രിന്‍സ്(46), ഡെയ്ന്‍ വിലാസ്(17 പന്തില്‍ 44*) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റൻ ജാക് കാലിസ്(21 പന്തില്‍ 18), ജെ പി ഡുമിനി(25 പന്തില്‍ 23) എന്നിവര്‍ നിരാശപ്പെടുത്തി.

Scroll to load tweet…

ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് അവസാന സ്ഥാനത്തേക്ക് വീണു. മൂന്ന് കളികളില്‍ ഒരു ജയം നേടിയ വിന്‍ഡീസ് അഞ്ചാം സ്ഥാനത്താണ്. നാലു കളികളില്‍ നാലും ജയിച്ച പാകിസ്ഥാന്‍ ഒന്നാമതും മൂന്ന് കളികളില്‍ രണ്ട് ജയവുമായി ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതും ഉള്ളപ്പോള്‍ നാലു കളികളില്‍ ഒരു ജയവുമായി ഇംഗ്ലണ്ട് നാലാമതാണ്. പോയന്‍റ് പട്ടികയില്‍ മുന്നിലെതുന്ന നാലു ടീമുകളാണ് സെമിയിലേക്ക് മുന്നേറുക. 13നാണ് ഫൈനല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക