പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്. കൊവിഡ് സ്ഥിരീകരിച്ച അതിഹാസ് സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ ഗെയ്ല്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് താരം നിരീക്ഷണത്തിലായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഗെയ്ല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഗെയ്‌ലിനെ കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം റഹിം സ്റ്റെര്‍ലിംഗ്, ബയേര്‍ ലെവര്‍കൂസന്‍ വിംഗര്‍ ലിയോണ്‍ ബെയ്ലി,ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ജന്‍മിദനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ബോള്‍ട്ടിന്റെ ജന്‍മദിനാഘോഷം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജന്മദിനാഘോഷം കഴിഞ്ഞ് ഒരാഴ്ചയ്ക്ക ശേഷമാണ് ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതിന് ശേഷം രണ്ട് പരിശോധനകള്‍ നടത്തിയെന്നും രണ്ടും നെഗറ്റീവായെന്നും ഗെയ്ല്‍ വ്യക്തമാക്കി. പരിശോധനാഫലം മറിച്ചായിരുന്നെങ്കില്‍ സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന് പോലും ഗെയ്‌ലിന് കാത്തിരിക്കേണ്ടി വരുമായിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഗെയ്ല്‍.