ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ യുനൈറ്റഡിനെതിരെ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഇഎഫ്എല്‍ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചത്. എഫ്എ കപ്പ്, യൂറോപ്പ ലീഗ് ടൂര്‍ണമെന്റുകളില്‍ സെമിയില്‍ കാലിടറിയ യുണൈറ്റഡിന് ഇത്തവണയും മാറ്റമുണ്ടായില്ല. ജോണ്‍ സ്‌റ്റോണ്‍സ്, ഫെര്‍ണാണ്ടീഞ്ഞോ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ഫൈനലില്‍ ടോട്ടന്‍ഹാമാണ് സിറ്റിയുടെ എതിരാളി. ഏപ്രില്‍ 25നാണ് ഫൈനല്‍. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 50-ാം മിനിറ്റില്‍ സ്റ്റോണ്‍സിലൂടെ സിറ്റി മുന്നിലെത്തി. 83ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ വിജയമുറപ്പിച്ച ഗോളെത്തി. ടൂര്‍ണമെന്റില്‍ സിറ്റിയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്. കപ്പ് നേടിയാല്‍ മറ്റൊരു നേട്ടം കൂടെ സിറ്റിയെ കാത്തിരിക്കുന്നുണ്ട്. തുടരെ നാല് ഇഎഫ്എല്‍ കിരീടം നേടുന്ന രണ്ടാമത്തെ ടീമാകാം. ലിവര്‍പൂള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

വെബ്ലിയിലാണ് ഫൈനല്‍. ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോയും സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും നേര്‍ക്കുനേര്‍ വരുന്നപോരിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നലെ നടന്ന മത്സരത്തില്‍ ബ്രന്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാം ഫൈനലില്‍ കടന്നത്.