വെല്ലിംഗ്‌ടണ്‍: വെല്ലിംഗ്‌ടണ്‍ ടി20യും ടീമിനെ ചതിച്ചെങ്കിലും ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയ്‌ക്ക് ആശ്വാസം. മത്സരത്തിന് ശേഷം രണ്ട് നേട്ടങ്ങളുമായാണ് മണ്‍റോ വെല്ലിംഗ്‌ടണില്‍ നിന്ന് മടങ്ങിയത്. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു താരം. 

ഇന്ത്യക്കെതിരെ ടി20യില്‍ നാലാം തവണയാണ് മണ്‍റോ അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്. ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ടി20യില്‍ ഇന്ത്യക്കെതിരെ നാല് തവണ അമ്പതിലധികം സ്‌കോര്‍ ചെയ്യുന്ന ആദ്യ ന്യൂസിലന്‍ഡ് താരം എന്ന നേട്ടത്തിലെത്തി മണ്‍റോ. ഇന്ത്യക്കെതിരെ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കിവീസ് ബാറ്റ്സ്‌മാന്‍ കൂടിയാണ് മണ്‍റോ. 11 ടി20കളില്‍ 411 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 

ഇന്നത്തെ മത്സരത്തോടെ ടി20 കരിയറില്‍ ആറായിരം റണ്‍സ് എന്ന നാവികക്കല്ല് പിന്നിടാനും മണ്‍റോക്കായി. 6045 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. വെല്ലിംഗ്‌ടണില്‍ 19ല്‍ നില്‍ക്കേയാണ് മണ്‍റോ ഈ നേട്ടത്തിലെത്തിയത്. ടി20യില്‍ ആറായിരം ക്ലബിലെത്തുന്ന നാലാം ന്യൂസിലന്‍ഡ് താരമാണ് മണ്‍റോ. എന്നാല്‍ മണ്‍റോ 47 പന്തില്‍ 64 റണ്‍സുമായി തിളങ്ങിയ മത്സരത്തില്‍  തോല്‍ക്കാനായിരുന്നു ന്യൂസിലന്‍ഡിന് വിധി. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് മണ്‍റോയുടെ ഇന്നിംഗ്‌സ്. 

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യും സൂപ്പര്‍ ഓവറില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 4-0ന് മുന്നിലാണ്. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 14 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു. പവര്‍ പ്ലേയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്ത് സിക്‌സും രണ്ടാം പന്തും ബൗണ്ടറിയും പറത്തിയ രാഹുല്‍ മൂന്നാം പന്തില്‍ പുറത്തായി. നേരത്തെ, ശാര്‍ദുല്‍ ഠാക്കൂറിന്‍റെ അവസാന ഓവറില്‍ നാല് വിക്കറ്റ് വീണതോടെയാണ് മത്സരം നിശ്ചിതസമയത്ത് സമനിലയിലായത്.