ശ്രീലങ്കയ്‌ക്കെതിരായ വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച താരത്തിന്റെ ട്വീറ്റും വാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേസമയം, ഇന്ത്യ പാക് മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന് നേരെ ജയ്ശ്രീരാം വിളികള്‍ ഉയര്‍ന്നതും പ്രതിഷേധങ്ങള്‍ക്കിടയാക്കി.

ദില്ലി: പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നമസ്‌ക്കരിച്ച സംഭവത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് മുഹമ്മദ് റിസ്‌വാനെതിരെ ഐസിസിക്ക് പരാതി നല്‍കിയത്. ഈ മാസം 6ന് ഹൈദരാബാദില്‍ നടന്ന മത്സരത്തിനിടെ താരം നമസ്‌ക്കരിച്ചത് ഐസിസി ചട്ടങ്ങള്‍ ലംഘിച്ചാണാന്നാണ് പരാതി. റിസ്‌വാന്റെ നീക്കം ക്രിക്കറ്റ് സ്പിരിറ്റിനെതിരാണെന്നും പരാതിയില്‍ ആരോപിക്കുന്നു. പാക് താരങ്ങള്‍ മത്സരത്തിനിടെ നിസ്‌ക്കരിക്കുന്നത് പുതിയ സംഭവമല്ല. 

നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച താരത്തിന്റെ ട്വീറ്റും വാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേസമയം, ഇന്ത്യ പാക് മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന് നേരെ ജയ്ശ്രീരാം വിളികള്‍ ഉയര്‍ന്നതും പ്രതിഷേധങ്ങള്‍ക്കിടയാക്കി. മുഹമ്മദ് റിസ്‌വാനെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച സജീവമാണ്.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതി കളിക്കുമ്പോഴും റിസ്വാന്‍ മത്സരത്തിനിടെ നമസ്‌കരിച്ചിരുന്നു. ഇന്നലെ മത്സരത്തിന്റെ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ടീമിലെ സഹതാരങ്ങളെല്ലാം വെള്ളം കുടിക്കാന്‍ പോയപ്പോഴായിരുന്നു ഗ്രൗണ്ടിന്റെ മധ്യത്തില്‍ റിസ്വാന്‍ പ്രാര്‍ത്ഥനക്കായി സമയം കണ്ടെത്തിയത്. പ്രാര്‍ത്ഥനക്ക് ശേഷം റിസ്വാനെ ആരാധകര്‍ കൈയടിയോടായാണ് വരവേറ്റത്. മുമ്പ് അമേരിക്കയിലെത്തിയപ്പോള്‍ റോഡിന്റെ വശത്ത് നമസ്‌കാര പായ വിരിച്ച് നമസ്‌കരിക്കുന്ന റിസ്വാന്റെ ചിത്രങ്ങളും അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

നിലവില്‍ നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് രണ്ട് ജയവും ഒരു തോല്‍വിയുമാണുള്ളത്. ഇന്ത്യയോടാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക എന്നീ ടീമുകളെ തോല്‍പ്പിക്കാനും പാകിസ്ഥാനായിരുന്നു. ഇനി വെള്ളിയാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.

തീവ്രവാദി ആക്രമണം: ബെല്‍ജിയം-സ്വീഡന്‍ മത്സരം ഉപേക്ഷിച്ചു! പൊലിഞ്ഞത് രണ്ട് സ്വീഡിഷ് ഫുട്‌ബോള്‍ ആരാധകരുടെ ജീവന്‍