ധോണിയെ ഇന്ത്യൻ ടീമിന്റെ ഉപദേഷ്‌ടാവാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ നായകൻ സുനിൽ ഗാവസ്‌കർ രംഗത്തെത്തിയിട്ടുണ്ട്

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്‌ടാവായി മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ നിയമിച്ചതിനെതിരെ ബിസിസിഐയിൽ പരാതി. ചെന്നൈ സൂപ്പർ കിംഗ്സ് നായകനായിരിക്കേ ധോണിയെ ഇന്ത്യൻ ടീം ഉപദേഷ്‌ടാവായി നിയമിച്ചത് ഇരട്ടപ്പദവിയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയാണ് പരാതിക്കാരൻ. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ മറുപടി നൽകുമെന്ന് ബിസിസിഐ അറിയിച്ചു. 

ഇതേസമയം, ധോണിയെ ഇന്ത്യൻ ടീമിന്റെ ഉപദേഷ്‌ടാവാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ നായകൻ സുനിൽ ഗാവസ്‌കർ രംഗത്തെത്തി. ധോണിയുടെ സാന്നിധ്യം ടീമിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുമെന്ന് ഗാവസ്‌കർ പറഞ്ഞു. എന്നാൽ ധോണിയും മുഖ്യ പരിശീലകൻ രവി ശാസ്‌ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് ഗാവസ്‌കർ മുന്നറിയിപ്പ് നൽകി. 

മറ്റൊരു ലോകകിരീടം ടീം ഇന്ത്യ സ്വപ്നം കാണുമ്പോൾ ഡ്രസിംഗ് റൂമിൽ ധോണി ഇന്ത്യയ്‌ക്ക് അനിവാര്യനാണ് എന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച നായകനാണ് എം എസ് ധോണി. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് ജീവിതത്തിന് പൂർണത നൽകി 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതും ധോണിയാണ്. 2007 മുതൽ 2016 വരെയുള്ള ആറ് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച നായകന്‍ കൂടിയാണ് ധോണി.

ധോണിയെ ഉപദേഷ്‌ടാവാക്കിയതിന് പിന്നില്‍, ജയ് ഷാ പറഞ്ഞത്

'ദുബൈയില്‍ വച്ച് എം എസ് ധോണിയുമായി സംസാരിച്ചിരുന്നു. ലോകകപ്പിനുള്ള ടീമിന്‍റെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കാനുള്ള തീരുമാനം ധോണി സ്വീകരിച്ചു. ബിസിസിഐയുടെ മറ്റ് ഭാരവാഹികളോട് സംസാരിച്ചപ്പോഴും ധോണിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും അനുകൂല അഭിപ്രായമായിരുന്നു. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പരിശീലകന്‍ രവി ശാസ്‌ത്രി എന്നിവരും തീരുമാനത്തെ പിന്തുണച്ചു' എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ. 

മാഞ്ചസ്റ്റര്‍ പരീക്ഷ ഇന്ന് മുതല്‍; പരമ്പര നേടി ചരിത്രം കുറിക്കാന്‍ കോലിപ്പട; മാറ്റത്തിനൊരുങ്ങി ടീമുകള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona