ദില്ലി: കൊറോണ വൈറസ് ബാധിത ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് 324 ഇന്ത്യക്കാരെ നാട്ടിലെത്തിച്ച എയര്‍ ഇന്ത്യയെ പ്രശംസിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 'പൊതു വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ വീണ്ടും രക്ഷയ്‌ക്കെത്തി. കൊറോണ പടര്‍ന്നുപിടിച്ച വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് ഇത്തവണ മോചിപ്പിച്ചത്. ജംബോ 747 വിമാനത്തിലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്' എന്നും ഭാജി ട്വീറ്റ് ചെയ്തു. 

Read more: ലോകത്തെ പിടിച്ചുലച്ച് കൊറോണ; മരിച്ചവരുടെ എണ്ണം 258 ആയി

ചൈനീസ് നഗരമായ വുഹാനില്‍ കുടുങ്ങിക്കിടന്ന 42 മലയാളികൾ ഉൾപ്പെടെ 324 ഇന്ത്യക്കാരെയാണ് ദില്ലിയിലെത്തിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ വുഹാനില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ദില്ലിയില്‍ ലാന്‍ഡ് ചെയ്തത്. തിരികെയെത്തിയ 324 പേരിൽ 211 പേരും വിദ്യാർഥികളാണ്. മൂന്ന് കുട്ടികളും സംഘത്തിലുണ്ട്. തിരികെയെത്തിയവരില്‍ 234 പുരുഷന്മാരും 90 സ്ത്രീകളുമാണുള്ളതെന്ന് എയർ ഇന്ത്യ അറിയിച്ചു. 

തിരികെയെത്തിയവര്‍ക്ക് പ്രത്യേക ക്യാമ്പ്, നിരീക്ഷണം 

എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തിയവരെ ഹരിയാനയിലെ മനേസറിലുള്ള പ്രത്യേക ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റും. ഇവരെ 14 ദിവസം നിരീക്ഷിക്കാനാണ് തീരുമാനം. മനേസറിലെ ക്യാമ്പിൽ വിദഗ്‍‌ധ ഡോക്‌ടര്‍മാരെ ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് വുഹാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Read more: കൊറോണ: വുഹാനിൽ നിന്നുള്ള ആദ്യവിമാനം ദില്ലിയിലെത്തി, സംഘത്തിൽ 42 മലയാളികൾ