ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന ഉറച്ച നിലപാടായിരുന്നു അന്ന് ഗംഭീര്‍ സ്വീകരിച്ചത്.

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്‍റെ പഴയ പ്രസ്താവന. 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ 2019ലെ ഏകദിന ലോകകപ്പിന് മുമ്പ് ഗംഭീര്‍ നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിക്കിടെ വീണ്ടും ചര്‍ച്ചയായയത്.

ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന ഉറച്ച നിലപാടായിരുന്നു അന്ന് ഗംഭീര്‍ സ്വീകരിച്ചത്. ലോകകപ്പില്‍ നിന്ന് കിട്ടുന്ന രണ്ട് പോയന്‍റുകളേക്കാൾ വലുതാണ് രാജ്യം. പുൽവാമയിൽ ജീവൻ ബലി നൽകിയ 40 സൈനികരുടെ ത്യാഗത്തിന് മുന്നിൽ ലോകകപ്പ് ഫൈനൽ പോലും വേണ്ടെന്ന് വെക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ഗംഭീര്‍ അന്ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തില്‍ ലോകകപ്പില്‍ പാകിസ്ഥാനെ ബഹിഷ്കരിച്ചാലും അത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലാവും. പാകിസ്ഥാനുമായി ഭാഗികമായ വിലക്കല്ല വേണ്ടത്, പൂർണ്ണമായി വിട്ടുനിൽക്കലാണ് ആവശ്യമെന്നായിരുന്നു ചര്‍ച്ചയില്‍ ഗംഭീർ പറഞ്ഞത്.

പാകിസ്ഥാനെതിരെ നിബന്ധനകളോടെയുള്ള വിലക്കുകൾക്ക് അര്‍ത്ഥമില്ല. ഒന്നുകിൽ പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം, അല്ലെങ്കിൽ എല്ലാം തുറന്നിടണം. പുൽവാമയിൽ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഐസിസി ടൂർണമെന്‍റുകളിൽ പാകിസ്ഥാനെ ബഹിഷ്‌കരിക്കുന്നത് ഇന്ത്യയ്ക്ക് പ്രയാസകരമായിരിക്കും, എന്നാൽ ഏഷ്യ കപ്പിലെങ്കിലും പാകിസ്ഥാനുമായി കളിക്കുന്നത് അവസാനിപ്പിക്കണം.

ലോകകപ്പുകളിലോ ഏഷ്യാ കപ്പിലോ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കിച്ചാല്‍ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം, ഒരുപക്ഷേ നമ്മൾ സെമി ഫൈനലിലേക്ക് യോഗ്യത നേടിയെന്നും വരില്ല. എന്നാല്‍ പാകിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചാൽ ഒരു മാധ്യമവും അവരെ കുറ്റപ്പെടുത്താൻ പാടില്ല. കാരണം പാകിസ്ഥാനെിരെ ജയിച്ചാല്‍ കിട്ടുന്ന രണ്ട് പോയിന്‍റുകളെക്കാള്‍ പ്രധാനമാണ് രാജ്യം. ജീവൻ ബലി നൽകേണ്ടി വന്ന ആ 40 സൈനികർ ഒരു ക്രിക്കറ്റ് മത്സരത്തേക്കാൾ എത്രയോ മുകളിലാണ്. ഒരു ലോകകപ്പ് ഫൈനൽ തന്നെ വേണ്ടെന്നു വെക്കേണ്ടി വന്നാലും അതിനായി രാജ്യം തയ്യാറെടുക്കണമെന്നായിരുന്നു ഗംഭീർ ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

Scroll to load tweet…

എന്നാല്‍ 2019-ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ മത്സരിച്ചിരുന്നു. വിരാട് കോലി നയിച്ച ഇന്ത്യൻ ടീം 89 റൺസിനാണ് അന്ന് പാകിസ്ഥാനെ തോല്‍പ്പിച്ചത്. പിന്നീട് 2021, 2022, 2023, 2024 ലോകകപ്പുകളിലും ഇരുടീമുകളും നേർക്കുനേർ വന്നു. 2025-ലെ ചാമ്പ്യൻസ് ട്രോഫി ലീഗ് ഘട്ടത്തിലും ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. 2024 ജൂലൈയിലാണ് രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യ കപ്പിലും ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ ഗംഭീറായിരുന്നു മുഖ്യ പരിശീലകന്‍.