ധര്‍മശാല: കൊവിഡ് 19 ആശങ്ക പടരുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ബിസിസിഐ. കേന്ദ്ര ആരോഗ്യ മന്ത്രാലയുവും ലോകാരോഗ്യ സംഘടനയും പുറുപ്പെടുവിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആഭ്യന്തര താരങ്ങളും ക്രിക്കറ്റ് അസോസിയേഷനുകളും കര്‍ശനമായി പാലിക്കണമെന്ന് ബിസിസിഐ വ്യക്തമാക്കി.

സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും കൈ കഴുകണമെന്നും, ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ മൂടണമെന്നും പനിയോ ചുമയോ ദേഹാസ്വസ്ഥ്യമോ തോന്നുകയാണെങ്കില്‍ ഇക്കാര്യം മെഡിക്കല്‍ ടീമിനെ ഉടന്‍ അറിയിക്കണമെന്നും കൈ കഴുകാതെ മുഖത്തും, മൂക്കിലും കണ്ണുകളിലും തൊടരുതെന്നും ശുചിത്വമില്ലാത്ത ഹോട്ടലുകളില്‍ നിന്ന് പുറത്തുപോയി ഭക്ഷണം കഴിക്കരുതെന്നും അപരിചിതരുമായി അടുത്തിടപഴകുകയോ ഹസ്തദാനം ചെയ്യുകയോ അപരിചിതരുടെ ഫോണുകള്‍ ഉപയോഗിക്കുകയോ അപരിചിതര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുകയോ അരുതെന്നും ബിസിസിഐ കളിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

കളിക്കാര്‍ താമസിക്കുന്ന ഹോട്ടലുകള്‍, ടീം ബസ്, വിമാനങ്ങള്‍, സംസ്ഥാ അസോസിയേഷനുകള്‍ എന്നിവരോട് മതിയായ സാനിറ്റൈസേഷന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സ്റ്റേഡിയത്തിലെ വാഷ് റൂമില്‍ ഹാന്‍ഡ് വാഷുകളും സാനിറ്റൈസറുകളും ലഭ്യമാക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.