മുംബൈ: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഐപിഎല്ലും, ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയും റദ്ദാക്കിയതിന് പിന്നാലെയാണ് ആഭ്യന്തര മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഇറാനി കപ്പ്, വനിതാ സീനിയര്‍ ഏകദിന നോക്കൗട്ട്, വിസി ട്രോഫി, വനിതാ സീനിയര്‍ ഏകദിന ചലഞ്ചര്‍, വനിതാ അണ്ടര്‍ 19 നോക്കൗട്ട്, വനിതാ അണ്ടര്‍ 19 ടി20 ലീഗ്, സൂപ്പര്‍ ലീഗ് എന്നിവയാണ് റദ്ദാക്കിയത്. ഇതിന് പുറമെ വനിതാ അണ്ടര്‍ 23 ഏകദിന ചലഞ്ചര്‍, വനിതാ അണ്ടര്‍ 23 നോക്കൗട്ട് എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാനും തീരുമാനിച്ചതായി ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎല്‍ ഏപ്രില്‍ 15വരെ മാറ്റിവെച്ച പശ്ചാത്തലത്തില്‍ ടീം ഉടമകളുമായി ബിസിസിഐ കൂടിക്കാഴ്ച നടത്തിയിരുന്നു. ഐപിഎല്‍ മാറ്റിവെച്ചതിലെ ആശങ്ക ഉടമകള്‍ ബിസിസിഐയെ അറിയിച്ചു. കൊവിഡ് 19 ലോകവ്യാപകമായി 5000 പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ഇന്ത്യയിലും കൊവിഡ് ആശങ്ക പടരുന്ന സാഹചര്യത്തില്‍ കായിക മത്സരളും പൊതുജനങ്ങള്‍ ഒരുമിച്ച് കൂടുന്ന പരിപാടികളും പരമാവദി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.