മുംബൈ: ലോക്ഡൌണ്‍ ലംഘിച്ച് മുംബൈ ബാന്ദ്രയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ചതിനെ വിമര്‍ശിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് മറുപടിയുമായി ആരാധകര്‍. ഇത്രയൊക്കെയായിട്ടും രാജ്യത്തെ അവസ്ഥ മനസിലാക്കത്തവരുള്ളിടത്ത് കര്‍ഫ്യൂ മാത്രമാണ് ആളുകളെ വീട്ടില്‍ പിടിച്ചിരുത്താനുള്ള ഏക മാര്‍ഗമെന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നു. ബാന്ദ്രയിലുണ്ടായ സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അവിടെ പുറത്തിറങ്ങിയവര്‍ അവരുടെയും മറ്റുള്ളവരുടെയും ജീവനാണ് അപകടത്തിലാക്കുന്നതെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ പറഞ്ഞിരുന്നു. 
എന്നാല്‍ ഹര്‍ഭജന്റെ രോഷപ്രകടനത്തോട് ആരാധകര്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഭാജി താങ്കള്‍ക്ക് ഇത് പറയാനെളുപ്പമാണ്, പക്ഷെ വിശക്കുന്നവന് വയറാണ് വലുത് കൊറോണയല്ലെന്ന് ഒരു ആരാധകന്‍ മറുപടി നല്‍കി. അവര്‍ തമാശക്ക് പുറത്തിറങ്ങിയതല്ല ഭാജി എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കണമെന്നും അവരുടെ അവസ്ഥയും മനസിലാക്കണമെന്നും മറ്റൊരു ആരാധകന്‍ ഹര്‍ഭജനെ ഉപദേശിച്ചു. 
ദിവസങ്ങളോളം ഭക്ഷണമില്ലാതിരുന്നാല്‍ ആരായാലും പ്രകോപിതരാകുമെന്നും അതാണ് ഈ ബാന്ദ്രയിലെ അതിഥി തൊഴിലാളികളുടെ രോഷത്തിന് കാരണമെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു. എസിയിലിരുന്ന് ട്വീറ്റ് ചെയ്യാനൊക്കെ എളുപ്പമാണല്ലോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഇത്തരത്തില്‍ നിരവധി പേരാണ് ഹര്‍ഭജന്റെ രോഷപ്രകടനത്തിന് മറുപടിയുമായി എത്തിയത്. "utf-8">
രാജ്യത്ത് ലോക്ഡൌണ്‍ നീട്ടിയതിന് പിന്നാലെയാണ് മുംബൈയിലെ ബാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ മൂവായിരത്തിലധികം തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാന്‍ സൌകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിച്ചത്. പ്രധാനമന്ത്രി ലോക്ഡൌണ്‍ മെയ് മൂന്നുവരെ നീട്ടിയെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇനിയും ഇവിടെ തങ്ങാനാവില്ലെന്ന നിലപാടില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ചത്. പൊലിസെത്തി ലാത്തി ചാര്‍ജ് നടത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മുംബൈ നഗരത്തില്‍ മാത്രം 1500 ലേറെപേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്.