ദില്ലി: കൊവിഡ് 19 മഹാമാരിയെ തുടർന്ന് എല്ലാ കായിക മത്സരങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചതോടെ ടീം ഇന്ത്യയും വിശ്രമത്തില്‍. ഇന്ത്യന്‍ താരങ്ങളെല്ലാം അവരവരുടെ വീടുകളിലാണ്. ഇനി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയാണ് ഇവർക്ക് മുന്നിലുള്ള ഒരു വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്. 

രാജ്യത്ത് ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ വീട്ടില്‍ തന്നെയാണ് പന്തിന്‍റെ പരിശീലനം. പന്ത് ഫിറ്റ്നസ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ബിസിസിഐയാണ് ആരാധകരില്‍ എത്തിച്ചത്. 

ടീം ഇന്ത്യയുടെ സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് നിക്ക് വെബ്, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരുടെ നിർദേശപ്രകാരമാണ് താരങ്ങളുടെ പരിശീലനം. കൃത്യമായി ചെയ്യേണ്ട വ്യായാമമുറകള്‍ ബിസിസിഐയുമായി കരാറിലുള്ള എല്ലാ താരങ്ങള്‍ക്കും ഇരുവരും നല്‍കിയിട്ടുണ്ട് എന്ന് ടീമിനോട് അടുത്ത വൃത്തങ്ങള്‍ വാർത്താ ഏജന്‍സിയായ ഐഎഎന്‍സിനോട് പറഞ്ഞു. ഇതിന്‍റെ സ്ഥിതിവിവരം ഓരേ താരങ്ങളും കൃത്യമായി അറിയിക്കുകയും വേണം. 

Read more: കൊവിഡ് 19: ദുരിതമനുഭവിക്കുന്നവര്‍ക്ക്  സഹായഹസ്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും

ഐപിഎല്ലാണ് ഇനി നടക്കാനുള്ള ക്രിക്കറ്റ് ടൂർണമെന്‍റ്. എന്നാല്‍ മാർച്ച് 29ല്‍ നിന്ന് ഏപ്രില്‍ 15ലേക്ക് മാറ്റിവച്ച ഐപിഎല്‍ പതിമൂന്നാം സീസണിന്‍റെ ഭാവി ഇപ്പോഴും വ്യക്തമല്ല. ടൂർണമെന്‍റ് മുന്നില്‍ക്കണ്ട് കൂടിയാണ് താരങ്ങളുടെ പരിശീലനം. ഐപിഎല്‍ മുന്‍നിർത്തി ഇംഗ്ലീഷ് ഓള്‍റൌണ്ടർ ബെന്‍ സ്റ്റോക്സ് പരിശീലനം നടത്തുന്നതായി വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

Read more: നാടും ജീവനുമാണ് പ്രധാനം; ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കാനാനില്ലെന്ന് രോഹിത് ശര്‍മ

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക