ചെന്നൈ: കൊവിഡ് 19ന്‍റെ പശ്‌ചാത്തലത്തില്‍ ഐപിഎല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകനായ ജി അലക്‌സ് ബെന്‍സീഗര്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് 12ന് ജസ്റ്റിസ് എംഎം സുന്ദരേശും ജസ്‌റ്റിസ് കൃഷ്‌ണന്‍ രാമസ്വാമിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തു. 

കൊവിഡ് 19ന് മരുന്നോ ചികിത്സയോ ഇല്ലെന്ന് ലോകാരോഗ്യസംഘടന(WHO) വ്യക്തമാക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മാറ്റിവെക്കണോയെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നിലെയാണ് ഹര്‍ജി. 

അതേസമയം, ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങളില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ കേന്ദ്രത്തിന് കത്ത് നൽകി. 

കൊവിഡ് 19 ബാധിതമായ ഏഴ് സംസ്ഥാനങ്ങളിലായാണ് ഭൂരിഭാഗം ഐപിഎല്‍ മത്സരങ്ങളും നടക്കുന്നത്. മാര്‍ച്ച് 29 മുതല്‍ മെയ് 24 വരെയാണ് ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ഐപിഎല്‍ 13-ാം സീസണിന് തുടക്കമാകുന്നത്. 

കൊവിഡിന്‍റെ പശ്‌ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട് എന്നായിരുന്നു ദാദയുടെ പ്രതികരണം. കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാതെ ഐപിഎല്‍ നടത്താനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം ആരാധകരിലെത്തിക്കാനും നിര്‍ദേശങ്ങളുയരുന്നുണ്ടെങ്കിലും ബിസിസിഐക്ക് താല്‍പര്യമില്ല എന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക