കൊളംബോ: കൊവിഡ് 19 മഹാമാരി വലിയ ആശങ്ക സൃഷ്ടിക്കുമ്പോള്‍ വിവിധയിടങ്ങളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തുന്ന പലരും വേണ്ടത്ര ജാഗ്രത സ്വീകരിക്കുന്നില്ല എന്നത് വസ്തുതയാണ്. പലയിടത്തും കൊവിഡ് 19 വ്യാപനത്തിന് ആക്കംകൂട്ടിയത് ഇത്തരക്കാരുടെ അശ്രദ്ധയാണ്. സ്വമേധയാ ഐസൊലേഷനിലാവാന്‍ വിസമ്മതിക്കുന്നവർക്ക് പഠിക്കാന്‍ ഒരു ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ മാതൃകയുണ്ട്. ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാർ സംഗക്കാരയാണ് ഏവർക്കും റോള്‍ മോഡലാകുന്നത്. 

എന്താണ് സംഗക്കാര ചെയ്തത് എന്നല്ലേ...അറിയാം

കൊവിഡ് നാശം വിതയ്‍ക്കുന്ന യൂറോപ്പിലെ യുകെയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ കുമാർ സംഗക്കാര സ്വമേധയാ ക്വാറന്‍റൈനിലാവുകയായിരുന്നു. ഇതിനെ കുറിച്ച് സംഗക്കാര പറയുന്നത് ഇങ്ങനെ...

"തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. ഒരാഴ്‍ച മുന്‍പാണ് ലണ്ടനില്‍ നിന്ന് നാട്ടിലെത്തിയത്. മാർച്ച് 1 മുതല്‍ 15 വരെ യാത്ര ചെയ്തവർ പൊലീസില്‍ രജിസ്റ്റർ ചെയ്യണമെന്നും സ്വമേധയാ ക്വാറന്‍റൈന്‍ ചെയ്യണമെന്നും നിർദേശമുണ്ടായിരുന്നു. ഞാന്‍ പൊലീസില്‍ രജിസ്റ്റർ ചെയ്തു, ശേഷം സ്വമേധയാ ക്വാറന്‍റൈന് വിധേയനായി". 

ഇതുകൊണ്ട് അവസാനിക്കുന്നില്ല സംഗയുടെ മാതൃക!

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജനങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സംഗക്കാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നിർദേശിച്ചിരുന്നു. മുന്‍ നായകന്‍ മഹേള ജയവർധനെയും ആരാധകരോട് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി.  ശ്രീലങ്കയിലെ കൊവിഡ് 19 ജാഗ്രതാ പ്രവർത്തനങ്ങളില്‍ ലങ്കന്‍ താരങ്ങളും ക്രിക്കറ്റ് ബോർഡും സജീവമാണ്. 

Read more: ലോകത്തിന് മാതൃക; കൊവിഡ് 19നെ നേരിടാന്‍ വമ്പന്‍ തുക സഹായം പ്രഖ്യാപിച്ച് ലങ്കന്‍ ക്രിക്കറ്റ്

ശ്രീലങ്കയില്‍ ഇതുവരെ 87 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലോകത്താകമാനം മൂന്നരലക്ഷത്തോളം പേർക്കാണ് കൊവിഡ് 19 പിടിപെട്ടത്. പതിനാലായിരത്തിലേറെ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക